സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 16 ഡിസംബര്‍ 2024 (11:25 IST)
സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വര്‍ഷം കൊണ്ടാണ് സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് തന്റെ ഭരണകാലത്ത് ഇത്രയും പണം റഷ്യയിലേക്ക് കടത്തിയത്. നൂറിന്റെ ഡോളര്‍ നോട്ടുകളും 500ന്റെ യൂറോ നോട്ടുകളുമാണ് ഇതിലുള്ളത്.
രണ്ട് ടണ്‍ ഭാരം വരുന്ന നോട്ടുകളാണ് മോസ്‌കോയിലെ വിമാനത്താവളത്തില്‍ എത്തിച്ചത്. റഷ്യന്‍ സൈന്യത്തിന്റെ സഹായവും ഇതിന് ലഭിച്ചു. കൂടാതെ റഷ്യയില്‍ അസദിന്റെ ബന്ധുക്കള്‍ വസ്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലെ വിമതരെ അടിച്ചമര്‍ത്താന്‍ റഷ്യയുടെ സൈനിക സഹായം അസദ് ഉപയോഗിച്ചു.
വിമതര്‍ സിറിയ പിടിച്ചടക്കിയതോടെ റഷ്യ അസദിനെ സുരക്ഷിതമായി മോസ്‌കോയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനാണ് ഇതിന് നേതൃത്വം നല്‍കിയത്.