'ഐ‌എസ് ഭീകരരെ തുടച്ചുനീക്കണം'

ന്യൂയോര്‍ക്ക്| Last Updated: വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (11:12 IST)
മരണത്തിന്റെ ശൃംഖലയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുടച്ചു നീക്കണമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആഹ്വാനം. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇറാഖിലും സിറിയയിലുമുളള ജിഹാദ് സംഘടനകളില്‍ തങ്ങളുടെ രാജ്യത്തുള്ളവര്‍ ചേരുന്നത് തടയാന്‍ രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുന്ന പ്രമേയത്തിനും ഐക്യരാഷ്ട്രസഭ രൂപം നല്‍കി. ഇത്തരം ഭീകരര്‍ക്കു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ തടയാനും പ്രമേയം ലക്ഷ്യമിടുന്നു. വിദേശ ഭീകര പ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ളതാണ് യുഎസ് കൊണ്ടുവന്ന പുതിയ പ്രമേയം.


പ്രമേയം ഐക്യകണ്ഠേന എല്ലാവരും അംഗീകരിച്ചു. തന്റെ വാക്കുകളും പ്രസ്താവനകളും ഉടന്‍ തന്നെ രാജ്യങ്ങള്‍ക്കിടയിലും രാജ്യങ്ങള്‍ തമ്മിലും നടപ്പാക്കണം. ഇത് അല്‍പ്പകാലത്തേക്ക് മാത്രമായി ഒതുങ്ങിപ്പോകരുതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

വിവരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഭീകരതയിലേക്കാണ് ഭീകരര്‍ പോകുന്നത്. ഇതിനെതിരായി എല്ലാവരും ഒറ്റക്കെട്ടാകണം. ഭീകരര്‍ക്കെതിരായ പോരാട്ടത്തിനായി സഹകരിക്കാമെന്ന് നാല്‍പ്പതിലധികം രാജ്യങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അതിനിടെ ഇറാഖിലും സിറിയയിലും ഭീകരര്‍ക്കെതിരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണം ശക്തമാക്കി. സിറിയ-ഇറാഖ് അതിര്‍ത്തിയിലുള്ള അബു കമാലില്‍ ഭീകരരുടെ എട്ട് വാഹനങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. സിറിയയിലെ ദെയ് അല്‍ സൂറിലും ഭീകരര്‍ക്കുനേരെ ആക്രമണമുണ്ടായി.

ഇറാഖില്‍ ബാഗ്ദാദിന് പടിഞ്ഞാറും ഇര്‍ബിലിന് തെക്കുകിഴക്കന്‍ മേഖലയിലും ഭീകരരുടെ താവളങ്ങള്‍ക്കുനേരെ അമേരിക്ക ആക്രമണം നടത്തി. തുര്‍ക്കി അതിര്‍ത്തിയിലും നേരത്തെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഗള്‍ഫ് അറബ് രാജ്യങ്ങളും യുഎസിന് പിന്തുണ നല്‍കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :