അഭിറാം മനോഹർ|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2019 (17:20 IST)
റോഹിങ്ക്യൻ മുസ്ലിമുകൾക്കെതിരെ നടത്തിയ വംശഹത്യയുടെ വിചാരണക്കായി ലോകകോടതിയിൽ ഓങ്സാൻ സൂചി ഹാജരാകും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന കോടതി നടപടിയിൽ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ സൂചി വംശഹത്യയെ ന്യായികരിക്കാനാണ് സാധ്യത.
2017ലെ വംശഹത്യയിൽ നൂറുകണക്കിന് പേർ മരിക്കുകയും എട്ട് ലക്ഷത്തോളം പേർ അഭയാർഥികളാവുകയും ചെയ്തിരുന്നു. തുടർന്ന് ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. റോഹിങ്ക്യൻ മുസ്ലീമുകൾക്കെതിരായ പട്ടാളനടപടിക്ക് കൂട്ടുനിന്നതിനാൽ അന്താരാഷ്ട്രമനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഓങ്സാൻ സൂചിക്ക് നൽകിയ പുരസ്കാരം തിരിച്ചെടുത്തിരുന്നു.
എന്നാൽ സ്വദേശമായ മ്യാന്മറിൽ വലിയ പിന്തുണയാണ് സൂചിയുടെ നടപടികൾക്കുള്ളത്. കോടതിയിലേക്ക് പുറപ്പെടുന്നതിന്റെ മുമ്പ് തലസ്ഥാനമായ നയ്‌പിഡാവിൽ നൂറുകണക്കിന് പേരാണ് സൂചിയുടെ മുഖം പതിച്ച സ്റ്റാൻഡ് വിത്ത് മ്യാന്മർ എന്നെഴുതിയ പ്ലക്കാഡുകളുമായി റാലി നടത്തിയത്. സൂചിയുടെ ക്ഷണപ്രകാരം ചൈനീസ് വിദേശകാര്യമന്ത്രിയും റാലിയിൽ പങ്കെടുത്തിരുന്നു.