അമേരിക്കയിലും മത വര്‍ഗീയത? ഹിന്ദു ക്ഷേത്രത്തിനു നേരെ അക്രമം

അമേരിക്ക, ഹിന്ദു ക്ഷേത്രം, അതിക്രമം
വാഷിംഗ്‌ടണ്‍| vishnu| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (12:52 IST)
യുഎസിലെ വാഷിംഗ്‌ടണില്‍ അജ്‌ഞാതരായ അക്രമികള്‍ ഒരു ക്ഷേത്ര ഭിത്തിയില്‍ വിദ്വേഷ സന്ദേശം പതിച്ചു. മഹാശിവരാത്രി ആഘോഷിക്കുന്ന വേളയില്‍ നടന്ന സംഭവം പ്രദേശത്തെ ഹിന്ദു സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്‌. വടക്ക് പടിഞ്ഞാറുള്ള ഏറ്റവും വലിയ ശിവക്ഷേത്രത്തിന്
നേരെ ശനിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് ഹിന്ദു അമേരിക്കന്‍ സംഘടനകള്‍ അറിയിച്ചു.

സിയാറ്റില്‍ മെട്രോപോളിത്തന്‍ പ്രദേശത്ത്‌ സ്‌ഥിതിചെയ്യുന്ന ക്ഷേത്രഭിത്തിയില്‍ 'പുറത്തു പോകൂ' എന്ന സന്ദേശമാണ്‌ പതിച്ചിരിക്കുന്നത്‌. രണ്ട് ദശാബ്ദം മുന്പ് നിര്‍മിച്ച ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം നടന്നുകൊണ്ടിരിക്കവെയാണ് സംഭവം. അക്രമികള്‍ ക്ഷേത്രത്തിന്റെ ചുവരുകളില്‍ 'ഗെറ്റ് ഔട്ട്' എന്ന് എഴുതുകയും മതനിന്ദാ സന്ദേശങ്ങള്‍ സ്‌പ്രേ പെയിന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംഭവത്തെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ യു.എസില്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന്‌ ഹിന്ദു ടെമ്പിള്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്റര്‍ ട്രസ്‌റ്റി ചെയര്‍മാന്‍ നിത്യ നിരഞ്‌ജന്‍ പറഞ്ഞു. യു.എസ്‌. കുടിയേറ്റക്കാരുടെ രാജ്യമാണെന്നും അതിനാല്‍ പുറത്തു പോകാന്‍ പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഹിന്ദു അമേരിക്കന്‍ സേവ സംഘം കേസ് നല്‍കിയിട്ടുണ്ട്. സ്നോഹോമിഷ് കൗണ്ടി ഷെരീഫ് വകുപ്പ് കേസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതിര്‍ന്ന കൗണ്ടി ഉദ്യോഗസ്ഥര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ഇതിന് മുന്പും പല തവണ യു.എസിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. നേരത്തെയും ക്ഷേത്ര ഭിത്തികളില്‍ ചായം കോരിയൊഴിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :