ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 19 മെയ് 2017 (15:01 IST)
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കുൽഭൂഷൻ ജാദവിന്റെ കേസില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ കേസ് വാദിക്കാൻ പാകിസ്ഥാന്‍ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കും. വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ചുകൊണ്ട് പാക്മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ജാദവ് കേസിൽ നേരിട്ട തിരിച്ചടി പാകിസ്ഥാനില്‍ പ്രതിഷേധത്തിന് ഇടയാക്കി. കൂടാതെ, പ്രതിപക്ഷത്ത് നിന്നും നിയമകാര്യ വിദഗ്ധരിൽ നിന്നും നവാസ് ശെരീഫ് സർക്കാരിന് വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഇതോടെയാണ് പുതിയ അഭിഭാഷക സംഘത്തെ കേസ് ഏല്‍പ്പിക്കുന്നത്.
അഭിഭാഷകർ നല്ല നിലയിൽ തന്നെയാണ് കേസ് കൈകാര്യം ചെയ്തത്. എന്നാൽ തുടർന്നുള്ള വാദങ്ങൾക്കായി പുതിയ സംഘത്തെ നിയോഗിക്കുമെന്ന് സർതാജ് അസീസ് വ്യക്തമാക്കി.
ഇന്ത്യൻ പൗരനും മുൻ നാവികസേന ഉദ്യോഗസ്ഥനുമായി കുൽഭൂഷൺ ജാദവിന് പാക് സൈനികകോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതു വൻപ്രതിഷേധമാണ് പാകിസ്ഥാനിൽ സൃഷ്ടിച്ചിരിക്കുന്നത്. പാക് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷവും ജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.