കുൽഭൂഷണ്‍ യാദവിന് വേണ്ടി വാദിക്കാന്‍ ഹരീഷ് സാല്‍‌വെ വാങ്ങിയ പ്രതിഫലം ഒരു രൂപ; ഇന്ത്യയുടെ ആര്‍ജവത്തിനു മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ !

ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍

സജിത്ത്| Last Modified വ്യാഴം, 18 മെയ് 2017 (17:02 IST)
മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ സൈനിക കോടതിയുടെ വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുംവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് ജഡ്ജി റോണി എബ്രഹാം ഉത്തരവിട്ടത്. കുൽഭൂഷൺ യാദവ് ഇന്ത്യക്കാരനാണെന്ന് ഇന്ത്യയും പാകിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ ജഡ്ജി പറഞ്ഞു.

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷൻ റോണി എബ്രഹാം ഉൾപ്പെട്ട 11 അംഗ ബെഞ്ചിന്റേതാണ് വിധി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ സംഘവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. അതേസമയം, രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍‌വെയാണ് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയിൽ ഇന്ത്യ നൽകിയ ഹർജി വാദിക്കാനെത്തിയത്.

രാജ്യാന്തര കോടതിയിൽ ഇന്ത്യക്കായി വാദിക്കുമ്പോള്‍ അദ്ദേഹം വാങ്ങുന്ന പ്രതിഫലം എത്രയായിരിക്കുമെന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. കുറഞ്ഞ ഫീസില്‍ സാല്‍വയേക്കാള്‍ നല്ല എത്രയോ അഭിഭാഷകരെ ഇന്ത്യക്ക് ലഭിക്കുമായിരുന്നു എന്നുവരെ പലരും പറഞ്ഞു. പല കോണുകളിലും വിഷയത്തില്‍ ചര്‍ച്ച ചൂടു പിടിച്ചതോടെ ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരിട്ട് രംഗത്തെത്തിയത്.

ഈ കേസ് വാദിക്കുന്നതിന്
സാൽവെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമെന്നാണ് സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഒരു ദിവസം ഹാജരാവാന്‍ 30 ലക്ഷം വരെ സാല്‍‌വെ പ്രതിഫലമായി കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പാക് തടവിലുള്ള യാദവിനായി കേസ് വാദിക്കാനായെത്തിയ സാല്‍‌വയുടെ പ്രതിഫലം സംബന്ധിച്ചും ചര്‍ച്ച ചൂടു പിടിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :