Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (10:43 IST)
തൊണ്ണൂറ്റിയൊന്പതാം വയസില്‍ നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത് ന്യൂയോര്‍ക്കുകാരി മുത്തശി ലോകറെക്കോര്‍ഡില്‍ തൊട്ടു. ഒഹിയോയില്‍ നടന്ന ഗേ ഗെയിംസിലാണ് 59.80 സെക്കന്‍ഡില്‍ ഓടിയെത്തി ഇഡാ കീലിംഗ് എന്ന മുത്തശി ലോകറെക്കോര്‍ഡ് ഇട്ടത്.
നാലടി ആറിഞ്ച് ഉയരവും 88 പൗണ്ട് ഭാരവുമുള്ള കീലിംഗ് അറുപത്തിയേഴാം വയസിലാണ് ഓടാന്‍ തുടങ്ങിയത്.
മയക്കുമരുന്ന് ഇടപാടിനിടയില്‍ രണ്ട് മക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഷാദ രോഗത്തിന് അടിപ്പെട്ട കീലിംഗിനോട് മകള്‍ ഷെല്ലിയാണ് ഓട്ടത്തെ കുറിച്ച് പറഞ്ഞത്. അന്ന് തുടങ്ങിയ ആ ഓട്ടം ഇന്നും നിര്‍ത്താതെ തുടര്‍ന്നു.
ആഴ്ചയില്‍ രണ്ടു തവണ ജിമ്മില്‍ മുടങ്ങാതെയുള്ള പരിശീലനവും യോഗയുമാണ് കീലിംഗിന്റെ ആരോഗ്യ രഹസ്യം. നൂറാം വയസിലും നൂറ് മീറ്ററില്‍ റെക്കോര്‍ഡാണ് കീലീംഗിന്റെ ലക്‌ഷ്യം.