എംബസി അധികൃതര്‍ ഒത്തുകളിച്ചു; കുവൈറ്റില്‍ മലയാളി നഴ്സുമാര്‍ തീരാദുരിതത്തില്‍

ചെന്നൈ| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (13:34 IST)
കുവൈറ്റില്‍ മലയാളികളടക്കം 350 നഴ്സുമാര്‍ ഇന്ത്യന്‍ എംബസി അധികൃതരുടെ അനാസ്ഥയും ഒത്തുകളിയും മൂലം തീരാദുരിതത്തില്‍. ബ്ളാക്ക് ലിസ്റ്റില്‍പ്പെടുത്തിയ കമ്പനിയാണെന്ന് വെളിപ്പെടുത്താതെ കുവൈറ്റിലെ കമ്പനിയുടെ ഹോസ്റ്റലില്‍ നഴ്സുമാരെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിവരം ‘വെബ്‌ദുനിയ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 350 നഴ്സുമാരില്‍ 150 പേരും മലയാളികളാണ്. ശേഷിക്കുന്നവര്‍ തമിഴ്നാട്ടുകാരും. മലയാളികളില്‍ ഭൂരിപക്ഷവും കോട്ടയത്തുനിന്നുള്ളവരാണ്. ഇവരെ മൂന്ന് ഹോസ്റ്റലുകളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇവരുടെ ദുരിതം പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യന്‍ എംബസി അധികൃതര്‍ പരിശോധനയ്ക്കെത്തി. എന്നാല്‍ വരവ് മുന്‍‌കൂട്ടി അറിഞ്ഞ് നഴ്സുമാരെ ഭീഷണിപ്പെടുത്തുകയാണ് കമ്പനി അധികൃതര്‍ ചെയ്തത്. ഇന്ത്യന്‍ എംബസി പ്രതിനിധികളെ കമ്പനി അധികൃതര്‍ സ്വാധീനിച്ചതായും നഴ്സുമാര്‍ ആരോപിച്ചു. മലയാളിയായ വനിത വാര്‍ഡനായുള്ള ഹോസ്റ്റലില്‍ മാത്രമാണ് എംബസി പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയത്. കമ്പനി അധികൃതരുടെ ഭീഷണി മൂലം ഹോസ്റ്റലിലെ 86 നഴ്സുമാരും പ്രശ്നങ്ങളൊന്നുമില്ലെന്ന് എഴുതി നല്‍കിയതായും ‘വെബ്‌ദുനിയ’ ലേഖകനോടെ വ്യക്തമാക്കി. നിലനില്‍‌പ്പിന്റെ പ്രശ്നമായതിനാലാണ് ഇത്തരത്തില്‍ എഴുതി നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.

കമ്പനിക്കെതിരേ വാര്‍ത്ത നല്‍കിയവര്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഇവരെ ശമ്പളക്കുടിശിക പോലും നല്‍കാതെ തിരിച്ചയയ്ക്കുമെന്നാണ് കമ്പനി അധികൃതരുടെ ഭീഷണി. നിലവില്‍ ഇവരുടെ കൈവശം നിത്യചെലവുകള്‍ക്കു പോലും പണമില്ല. ഗര്‍ഭിണികള്‍ അടക്കം ഹോസ്റ്റലില്‍ ഉള്ളവര്‍ വൈദ്യസഹായം പോലും ഇല്ലാതെ വിഷമിക്കുകയാണ്. കുവൈറ്റിലെ നിയമപ്രകാരം എഴുപതുശതമാനം ശമ്പളം തൊഴിലാളിയ്ക്ക് നല്‍കണമെന്നാണ്. എന്നാല്‍, ഇരുപത് ശതമാനം മാത്രമാണ് കമ്പനി ഇവര്‍ക്ക് നല്‍കുന്നത്.
ഇവരുടെ കൈവശമുള്ള തൊഴില്‍‌രേഖകള്‍ അടക്കമുള്ളവ കമ്പനി അധികൃതര്‍ ബലമായി പിടിച്ചു വച്ചിരിക്കുകയാണ്.


സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയായ ജി ടി സി വഴിയാണ് കഴിഞ്ഞ
ഒരുവര്‍ഷമായി ഇവര്‍ കുവൈറ്റില്‍ ജോലിചെയ്യുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവധിയില്‍ പോന്ന ഇവരോട് ഓഗസ്റ്റ് 30 ന് ജോലിക്ക് കയറണമെന്ന് അറിയിച്ച് നാട്ടില്‍ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ഉടന്‍ തിരികെ വന്നില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നറിയിച്ച കമ്പനിക്കാരുടെ ഭീഷണിയെ തുടന്ന് ഇവര്‍ 28ന് വിമാനം കയറി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കായില്ല.

ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തങ്ങളെ കൊണ്ടുപോയ കമ്പനിയെ അവിടത്തെ മന്ത്രാലയം ബ്ളാക്ക് ലിസ്റ്റില്‍പെടുത്തിരിക്കുകയാണെന്നും കരാര്‍ പുതുക്കാന്‍ ആവില്ലെന്നുമാണ് മറുപടി ലഭിച്ചത്. നിലവില്‍ ജോലിയില്‍നിന്ന് മാറണമെങ്കില്‍ ഇവര്‍ക്ക് റിലീസിംഗ് ഓര്‍ഡര്‍ ലഭിക്കണം. റിലീസിംഗ് ഓര്‍ഡര്‍ ലഭിച്ചാല്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നാല്‍ റിലീസിംഗ് സര്‍ട്ടിഫിക്കറ്റിന് കമ്പനി ആവശ്യപ്പെടുന്നത് മൂന്നുലക്ഷത്തോളം രൂപയാണ്.
സര്‍ക്കാര്‍ ഇടപെട്ട് മോചനത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ഇല്ലാത്തപക്ഷം ആത്മഹത്യ മാത്രമാണ് പോംവഴിയെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :