മുംബൈ ഭീകരാക്രമണക്കേസില്‍ വാദം കേള്‍ക്കുന്നത് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി ഈ മാസം 31ലേക്ക് മാറ്റിവെച്ചു. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ കുറ്റാരോപിതരായവരെ വിചാരണ നടത്തുന്നതിനെതിരെ പാക് ഹൈക്കോടതിയില്‍ പ്രതിഭാഗം നല്കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനായി രണ്ട് പേരടങ്ങുന്ന ബെഞ്ചിനെ നിയോഗിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
തങ്ങളുടെ കക്ഷികള്‍ക്ക് മേല്‍ കുറ്റം ആരോപിച്ചതിന്റെ പശ്ചാത്തലം അറിയാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭാഗത്തിനും കാര്യങ്ങള്‍ പറയാന്‍ അവസരം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുംബൈ ഭീകരാക്രമണ കേസില്‍ അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും ഉടലെടുത്തിരിക്കുകയാണ്. പ്രതികളുടെ അഭിഭാഷകര്‍ക്ക് വിചാരണ നടക്കുന്ന കോടതിയില്‍ പ്രവേശനം നല്കാത്തതിനെതിരെയും വിചാരണ വേളയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്പ്പെടുത്തിയതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന് വിചാരണയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഭീകര വിരുദ്ധ കോടതി ജഡ്ജി ബാഖിര്‍ അലി റാണ ആവശ്യപ്പെടുകയും ഭീകരവിരുദ്ധ കോടതി ജഡ്ജി മാലിക് മുഹമ്മദ് അക്രം അവാനെ ലാഹോര്‍ ഹൈകോടതി പകരം ജഡ്ജിയായി നിയമിക്കുകയും ചെയ്തിരുന്നു.