സയീദിന് സൈന്യത്തിന്‍റെ ഇഫ്താര്‍ വിരുന്ന്

ഇസ്ലാമാബാദ്| WEBDUNIA| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2009 (10:29 IST)
മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധരന്‍ ഹാഫിസ് സയീദിന് പാകിസ്ഥന്‍ സൈന്യം ഇഫ്താര്‍ വിരുന്ന് നല്‍കിയതായി റിപ്പോര്‍ട്ട്. സയീദിനെതിരെ പാകിസ്ഥാന്‍ കേസെടുത്തത് അന്താരാഷ്ട്ര സമൂഹത്തിന്‍റെ കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. പാകിസ്ഥാനില്‍ വീട്ടുതടങ്കലിലാണ് ഇപ്പോള്‍ സയീദ്.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അഞ്ച് ദിവസം മുന്‍പാണ് സൈന്യം സയീദിന് ഇഫ്താര്‍ വിരുന്നൊരുക്കിയത്. പാക് സൈന്യത്തിന്‍റെ അവിഭാജ്യ ഘടകമാണ് സയീദ് എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ എസ് ഐക്ക് സയീദിന്‍റെ സേവനങ്ങള്‍ ലഭ്യമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് രണ്ടാം തവണയാണ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കുന്നത്. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീം കോടതി നേരത്തെ സയീദിനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. സയീദിന്‍റെ വീട്ടുതടങ്കല്‍ മുഖം രക്ഷിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം മാത്രമാണെന്ന ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സയീദിനെതിരെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ രണ്ട് കേസുകള്‍ ഫയല്‍ ചെയ്തത്. സയിദിന്‍റെ സഹായി അബു ജന്ധലിനെതിരെയും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആളുകളെ ജിഹാദിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിന്‍‌മേലാണ് ഭീകര വിരുദ്ധ നിയമപ്രകാരം ഫൈസലാബാദ് പൊലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ എഫ്‌ഐ‌ആര്‍ ഫയല്‍ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :