യുഎസ് പൌരനായ ബംഗ്ലാദേശ് എഴുത്തുകാരനെ വെട്ടിക്കൊന്നു

ധാക്ക| Joys Joy| Last Modified ശനി, 28 ഫെബ്രുവരി 2015 (09:38 IST)
ബംഗ്ലാദേശ് വംശജനും യു എസ് പൌരനുമായ എഴുത്തുകാരന്‍ അവിജിത് റോയിയെ അജ്ഞാതര്‍ വെട്ടിക്കൊന്നു. മതമൌലികവാദത്തെക്കുറിച്ച് എഴുതിയതിനാണ് യുക്തിവാദിയായ ഇദ്ദേഹത്തിനെ വെട്ടിക്കൊന്നത്. ധാക്കയില്‍ നടക്കുന്ന പുസ്തക പ്രദര്‍ശനത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് 44 കാരനായ അവിജിത് റോയിയെയും ഭാര്യയെയും ആയുധധാരികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ബ്ലോഗറും 44-കാരിയുമായ ഭാര്യയ്ക്കും ഗുരുതര പരിക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്.

ഫെബ്രുവരി 16നായിരുന്നു അവിജിത് റോയി ബംഗ്ലാദേശില്‍ പുസ്തകപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. അവിജിത് റോയിയുടെ മൂന്നു പുസ്തകങ്ങളും ഈ പുസ്തകപ്രദര്‍ശനത്തില്‍ പ്രകാശനം ചെയ്തിരുന്നു. മാര്‍ച്ച് നാലിന് യു എസിലേക്ക് തിരിച്ചു പോകാനിരിക്കേയാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അനുജിത് പറഞ്ഞു.

യുക്തിവാദിയായ അവിജിത് റോയിയുടെ പുസ്തകങ്ങളും ബ്ലോഗ് പോസ്റ്റുകളും നേരത്തെ തന്നെ ബംഗ്ലാദേശിലെ മതമൗലികവാദികളെ പ്രകോപ്പിച്ചിരുന്നു. തുടര്‍ന്ന് മതനിന്ദ ആരോപിച്ച് നിരവധി തവണ അവിജിതിന് വധഭീഷണികള്‍ ലഭിച്ചിരുന്നു. പുസ്തകപ്രദര്‍ശന സ്ഥലത്ത് നിന്ന് റോഡുവക്കിലുള്ള ചായക്കടയിലേക്ക് പോകവേയാണ് അക്രമികള്‍ വടിവാളുകൊണ്ട് അദ്ദേഹത്തെ വെട്ടിയത്. ആക്രമണം നടത്തിയവര്‍ ഉടന്‍ തന്നെ ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറയുകയായിരുന്നുവെന്ന് പൊലീസ് മേധാവി സിറാജുല്‍ ഇസ്ലാം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇതിനിടെ, അവിജിതിന് ആദരാഞ്ജലി അര്‍പ്പിച്ചും അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ധാക്കയില്‍ പ്രകടനം നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.അക്രമികളെ പിടികൂടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബംഗ്ലാദേശി ബ്ലോഗര്‍മാരുടെ കൂട്ടായ്മ അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന യുക്തിവാദിയായ രണ്ടാമത്തെ ബ്ലോഗറാണ് അവിജിത്. 2013-ല്‍ അഹമ്മദ് റജീബ് ഹൈദര്‍ എന്ന ബ്ലോഗറും സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :