സൂകിക്ക് മഹാത്മാഗാന്ധി പുരസ്കാരം

ഡര്‍ബന്‍| WEBDUNIA|
മ്യാന്‍‌മര്‍ പ്രതിപക്ഷ നേതാവ് ആങ് സാങ് സൂകിക്ക് സമാധാനത്തിനുള്ള മഹാത്മാഗാന്ധി പുരസ്കാരം. ദക്ഷിണാഫ്രിക്കയിലെ മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം സൂകിക്ക് വേണ്ടി മ്യാന്‍മര്‍ മുന്‍ പ്രധാനമന്ത്രി തീന്‍ വിന്‍ ഏറ്റുവാങ്ങി. സൂകി ഇപ്പോഴും വീട്ടുതടങ്കലില്‍ കഴിയുകയാണ്.

ഡര്‍ബന്‍ സിറ്റി ഹാളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ സഹമന്ത്രി ഇബ്രാഹിം ഇസ്മായില്‍ ഇബ്രാഹിമാണ് പുരസ്കാരം സമ്മാനിച്ചത്. സൂകിയുടെ വീട്ടു തടങ്കലിന്‍റെ ഇരുപതാം വാര്‍ഷികത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായാണ് പുരസ്കാരദാനച്ചടങ്ങ് ജൂലൈ 20നു തന്നെ നടത്തിയതെന്ന് ഫൌണ്ടേഷന്‍ അധികൃതരിലൊരാളായ പാഡി കേര്‍ണി പറഞ്ഞു.

“ഗാന്ധിജിയെയും നെല്‍‌സണ്‍ മണ്ടേലയെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും പോലെ പോരാട്ടത്തിനായി അഹിംസ മാര്‍ഗമാക്കിയ വ്യക്തിയാണ് ആങ് സാങ് സൂകി. അഹിംസ, നീതി, സമാധാനം എന്നിവയോടുള്ള ദൃഢമായ അര്‍പ്പണമാണ് ഈ പുരസ്കാരത്തിന് സൂകിയെ അര്‍ഹയാക്കിയത്” - കേര്‍ണി പറഞ്ഞു.

ഈ പുരസ്കാരത്തേക്കുറിച്ച് സൂകിക്ക് അറിവുണ്ടോ എന്ന കാര്യം അറിയില്ലെന്ന് കേര്‍ണി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് ഫൌണ്ടേറ്ഷന്‍ ചെയര്‍പേഴ്സണ്‍ ഇളാ ഗാന്ധി ഒരു കത്ത് പ്രിട്ടോറിയയിലെ മ്യാന്‍‌മര്‍ അംബാസിഡറിന് അയച്ചെങ്കിലും ആ കത്ത് തിരിച്ചു വരികയാണുണ്ടായത്. എന്തായാലും സൂകിക്കും മ്യാന്‍‌മറിലെ ജനങ്ങള്‍ക്കും ദക്ഷിണാഫ്രിക്കയുടെ പരിപൂര്‍ണ പിന്തുണയുമുണ്ടെന്ന് ഫൌണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :