ഗാന്ധിജിക്ക് പ്രണാമം !

PRO
ത്യാഗോജ്ജ്വലമായ ഒരു ജീവിതം മുഴുവന്‍ പാരതന്ത്ര്യത്തിന്‍റെ ഇരുട്ടിനെ അലിച്ചു കളയനായി എരിയിച്ചു നല്‍കിയ മഹാത്യാഗിയുടെ ഓര്‍മ്മയില്‍ ഇന്ന് ഭാരതം കുമ്പിടുന്നു. ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അറുപത്തിയൊന്നാം രക്തസാക്ഷിത്വ ദിനം. സഹിഷ്ണുതയ്ക്കും സമത്വത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാത്യാഗിയെ നമുക്ക് ഈ ദിനത്തില്‍ സ്മരിക്കാം.

ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ ലഹളകള്‍ നാടിനെ വീര്‍പ്പുമുട്ടിച്ച കാലമായിരുന്നു 1948 ന്‍റെ തുടക്കം. ജനുവരിയില്‍ ഡല്‍ഹിയില്‍ എത്തിയ ഗാന്ധിജിക്ക് പലയിടത്തും എതിര്‍പ്പിന്‍റെ ലഞ്ചനകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനായി. അന്ന് ഭരണത്തിലും അസ്വസ്ഥതകള്‍ നിറഞ്ഞിരുന്നു. ഇവ പരിഹരിക്കാനായി ഡല്‍ഹിയിലെത്തിയ ഗാന്ധിജിക്ക് തന്‍റെ ജീവിത ദൌത്യം തുടരാനായില്ല.

1948 ജനുവരി 30 ന് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനായി പൌത്രിമാരായ ആഭയുടെയും മനുവിന്‍റെയും തോളില്‍ കൈവച്ച് വേദിയിലേക്ക് നടന്നടക്കുകയായിരുന്നു ഗാ‍ന്ധിജി. എന്നാല്‍, മരണ വാറണ്ടുമായി നാഥുറാം വിനായക് ഗോഡ്സേ, നാരായണ്‍ ആപ്തെ, വിഷ്ണു കാര്‍ക്കറെ എന്നിവരും അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു.

ഗാന്ധിജി അടുത്ത് എത്തിയപ്പോള്‍ ഗോഡ്സേ അഭിവാദനം ചെയ്യാനെന്ന മട്ടില്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ ഒന്നു കുനിഞ്ഞു, പിന്നെ കൈത്തോക്കില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ ചീറിയെത്തി ആ മഹത്തായ ജീവിതത്തെ തട്ടിയെടുത്തു. സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മമുറയിലൂടെ ഒരു മഹാ മുന്നേറ്റം നടത്തിയ നമ്മുടെ രാ‍ഷ്ട്രപിതാവ് തന്‍റെ എഴുപത്തിയെട്ടാം വയസ്സില്‍ രക്ത സാക്ഷിയായി.

ഗാന്ധിജി മരണമടഞ്ഞ അറുപതാം വാര്‍ഷിക ദിനത്തിലാണ് അദ്ദേഹത്തിന്‍റെ ചിതാ ഭസ്മം നിമജ്ജനം ചെയ്തത്. തെക്കന്‍ മുംബൈയിലെ ഗിര്‍ഗോം ചൌപാത്തിലാണ് ഗാന്ധിജിയുടെ പിന്‍‌മുറക്കാര്‍ 2008 ജനുവരി 30 ന് ചിതാഭസ്മം നിമജ്ജനം ചെയ്തത്.

ഗാന്ധിജിയുമായി അകന്ന് കഴിഞ്ഞിരുന്ന മൂത്ത പുത്രന്‍ ഹരിലാല്‍ ഗാന്ധിയുടെ ചെറുമകളായ നീലം ബെന്‍ പരീഖാണ്‌ ചിതാഭസ്മം ഒഴുക്കിയത്. ഹിന്ദു ആചാരപ്രകാരം മൂത്ത പുത്രനായിരുന്നു ഗാന്ധിജിയുടെ ശവസംസ്കാര ചടങ്ങുകള്‍ നടത്തേണ്ടിയിരുന്നത്. എന്നാല്‍, അന്ന് അതുണ്ടായില്ല. ഹരിലാല്‍ ശവസംസ്കാരത്തിന് പങ്കെടുത്തിരുന്നില്ല.

PRATHAPA CHANDRAN|
പ്രമുഖ വ്യവസായി ജമാനലാല്‍ ബജാജിന്‍റെ കൊച്ചുമകനും വ്യവസായിയുമായ ഭരത് നാരായണന്‍റെ കൈവശമായിരുന്നു ഗാന്ധിജിയുടെ ചിതാഭസ്മ കലശം സൂക്ഷിച്ചിരുന്നത്. ഇത് മുംബൈയിലെ ഒരു മ്യൂസിയത്തിന് നല്‍കിയെങ്കിലും പ്രദര്‍ശനത്തിനു വയ്ക്കുന്നതിനെക്കാള്‍ കടലില്‍ ഒഴുക്കുന്നതാണ് ഗാന്ധി കുടുംബം ഇഷ്ടപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :