മ്യാന്‍മര്‍ വിമോചന നേതാവ് ആങ്സാന്‍ സൂകിക്ക് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പരമോന്നത പുരസ്കാരമായ അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ് അവാര്‍ഡ്. വീട്ടുതടങ്കല്‍ നിയമം ലംഘിച്ചതിന് വിചാരണ നേരിടുന്ന സൂകിയെ രക്ഷിക്കാന്‍ അവാര്‍ഡിന് കഴിയുമെന്ന് മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് മോചിപ്പിക്കപ്പെട്ടാല്‍ സൂകി വിജയിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സൂകിയുടെ തടവിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അവാര്‍ഡ് എന്ന് ആംനസ്റ്റി നേതാക്കള്‍ പറഞ്ഞു. ജയിലിലെത്തി സൂകിക്ക് അവാര്‍ഡ് സമ്മാനിക്കാനാകുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2003 ആംനസ്റ്റി പ്രതിനിധികള്‍ സൂകിയെ സന്ദര്‍ശിച്ചിരുന്നു.
സൂകിയുടെ കേസിന്‍റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. കേസില്‍ സൂകിക്ക് അഞ്ചുവര്‍ഷം വരെ തടവ് ലഭിച്ചേക്കുമെന്നാണ് സൂചന. രണ്ട്, മൂന്ന് ആഴ്ചകള്‍ക്കകം കേസിന്‍റെ വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് സൂകിയുടെ അഭിഭാഷകന്‍ നിയാന്‍ വിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ 19 വര്‍ഷത്തിനിടെ 13 വര്‍ഷവും ജയിലായിരുന്നു സൂകി. 2010ലെ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും സൂകിയെ തടവിലിടാനാണ് പട്ടാള ഭരണകൂടം ശ്രമിക്കുന്നത്.