ഓസ്കര്‍ അവാര്‍ഡ് ചോര്‍ന്നതായി റിപ്പോര്‍ട്ട്

മെല്‍ബണ്‍| WEBDUNIA| Last Modified വെള്ളി, 20 ഫെബ്രുവരി 2009 (17:20 IST)
ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ അവാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്‍റര്‍നെറ്റില്‍ ചില സൈറ്റുകളില്‍ ഇത്തവണത്തെ ഓസ്കര്‍ അവാര്‍ഡ് നേടിയ സിനിമകളുടേയും താരങ്ങളുടേയും പേരുകള്‍ പ്രത്യക്ഷപ്പെട്ടു. അക്കാദമി പ്രസിഡന്‍റ് സിഡ് ഗൈന്‍സിന്‍റെ ഒപ്പോടു കൂടിയ പ്രസ്താവനയാണ് സൈറ്റുകളില്‍ വന്നിട്ടുള്ളത്.

മുംബൈ ചേരിനിവാസികളുടെ കഥ പറയുന്ന സ്ലംഡോഗ് മില്യണയര്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ഡാനി ബോയ്ല്‍ ആണ് മികച്ച സംവിധായകന്‍. പത്ത് ഓസ്കര്‍ നോമിനേഷനുകളാണ് സ്ലംഡോഗിനുണ്ടായിരുന്നത്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന് മാത്രം മൂന്ന് നോമിനേഷനുകള്‍ ഉണ്ടായിരുന്നു.

ദി റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കെയ്റ്റ് വിന്‍സ്‌ലെറ്റിന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതായും സൈറ്റുകള്‍ പറയുന്നു ദി റെസ്റ്റ്‌ലര്‍ എന്ന സിനിമയിലെ നായകന്‍ മിക്കി റൂര്‍ക്കി ആണ് ഏറ്റവും നല്ല നടന്‍. ഹീത്ത് ലെജര്‍, ആമി ആഡംസ് എന്നിവരാണ് മികച്ച രണ്ടാമത്തെ അഭിനേതാക്കള്‍.

എന്നാല്‍ ഈ വാര്‍ത്ത ഓസ്കര്‍ വക്താവ് ലിസ്‌ലി അങ്കര്‍ നിഷേധിച്ചു. ഓസ്കര്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും അവാര്‍ഡ് വാര്‍ത്ത ചോര്‍ന്നു എന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :