വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ചൊവ്വ, 22 ജൂണ്‍ 2010 (12:04 IST)
വൈറ്റ് ഹൌസ് ബജറ്റ് ഡയറക്ടര്‍ പീറ്റര്‍ ഒര്‍സാഗ് സ്ഥാനം രാജിവയ്ക്കുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒര്‍സാഗ് സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്‍റ് ബരാക് ഒബാമയുടെ സാമ്പത്തികകാര്യ ടീമില്‍ നിന്ന് രാജി വയ്ക്കുന്ന ആദ്യത്തെ മുതിര്‍ന്ന അംഗമാണ് പീറ്റര്‍ ഒര്‍സാഗ്.
സെപ്റ്റംബറില്‍ ഒര്‍സാഗ് വിവാഹിതനാകുകയാണ്. ഒബാമയുടെ ടീമില്‍ രണ്ടു വര്‍ഷത്തിലധികം ജോലിചെയ്യാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ജൂലൈയില്‍ അടുത്ത ബജറ്റ് സീസണ്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ സ്ഥാനമൊഴിയാനാണ് ഒര്‍സാഗിന്‍റെ തീരുമാനം.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാമ്പത്തികകാര്യ വിദഗ്ധയായ ലോറ ഡി ആന്‍ഡ്രിയ ടൈസണ്‍, ട്രഷറി സെക്രട്ടറിയുടെ കൌണ്‍സിലറായ ജീന്‍ സ്പെര്‍ലിംഗ് എന്നിവരെയാണ് ഒര്‍സാഗിന്‍റെ ഒഴിവില്‍ ബജറ്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് വൈറ്റ് ഹൌസ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇവര്‍ രണ്ടുപേരും മുന്‍ പ്രസിഡന്‍റെ ബില്‍ ക്ലിന്‍റന്‍റെ ഭരണകാലത്ത് വൈറ്റ് ഹൌസിലെ സാമ്പത്തിക ഉപദേശകരായിരുന്നു.
റോബര്‍ട്ട് ഗ്രീന്‍സ്റ്റൈന്‍ എന്ന സാമ്പത്തിക വിദഗ്ധനെയും ബജറ്റ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.