നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വിസാ ചട്ടലംഘനക്കേസ് തള്ളണമെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ യു.എസ്. കോടതിയില്‍ ആവശ്യപ്പെട്ടു.
കേസില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ റദ്ദാക്കണം. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ യു.എസ്സിലെ ക്രിമിനല്‍ വിചാരണ നേരിടാന്‍ സാധ്യമല്ലെന്നും ദേവയാനിയുടെ അഭിഭാഷകന് ഡാനിയേല്‍ അര്‍ഷാക് ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.
കുറ്റം ചുമത്തലും തുടര്‍നടപടികളും കോടതി ഉത്തരവിലൂടെ ഇല്ലായ്മ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ജനവരി 31-ന് മുമ്പായി കോടതി ഉത്തരവ് നേടിയെടുക്കാനാണ് ശ്രമം. പാസ്പോര്‍ട്ട് ഉടന്‍ തിരികെ നല്‍കണമെന്നും ദേവയാനി അപേക്ഷയില്‍ പറയുന്നുണ്ട്.