ദേവയാനിയുടെ അപേക്ഷയില്‍ ഇന്നു തീരുമാനമുണ്ടായേക്കും
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2013 (09:02 IST)
PTI
ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി ഖൊബ്രഗഡെയ്ക്കെതിരെ യുഎസ് സ്വീകരിച്ച നിയമനടപടികളെത്തുടര്‍ന്നുള്ള തര്‍ക്കം ഉടനെ പരിഹരിച്ചേക്കുമെന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മൂല്യവത്താണെന്നും അത് മനസ്സില്‍വച്ചുള്ള നടപടികള്‍ വേണമെന്നുമുള്ള ഖുര്‍ഷിദിന്റെ പ്രസ്‌താവനയെ യുഎസ് സ്വാഗതം ചെയ്‌തിരുന്നു. എന്നാല്‍ സ്വാഗതം ചെയ്‌തതുകൊണ്ടു മതിയാവില്ല, എന്തെങ്കിലും നടപടി വേണമെന്ന് ഖുര്‍ഷിദ് പറഞ്ഞു.
നിയമനടപടികളുടെ പശ്ചാത്തലത്തില്‍, ദേവയാനിയെ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍നിന്ന് ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തെ ഇന്ത്യന്‍ മിഷനിലേക്ക് കോണ്‍സലായി സ്ഥലം മാറ്റിയിരുന്നു. നയതന്ത്രജ്ഞ എന്ന നിലയിലുള്ള പൂര്‍ണ സംരക്ഷണം ഉറപ്പാക്കാനെടുത്ത ഈ നടപടികൊണ്ട് നേരത്തേയുണ്ടായ പ്രശ്നത്തില്‍നിന്നു രക്ഷപ്പെടാനാവില്ലെന്നാണ് യുഎസ് നിലപാടെടുത്തത്.
ദേവയാനിയുടെ സ്ഥലംമാറ്റം വ്യക്‌തമാക്കിയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങളും പൂര്‍ണ പരിരക്ഷയും ആവശ്യപ്പെട്ടും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു താന്‍ കത്തെഴുതിയതായി യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി അശോക് മുഖര്‍ജി പറഞ്ഞു.
വിദേശ പ്രതിനിധികളെ സംബന്ധിച്ച യുഎസ് ഓഫിസിന്റെ അംഗീകാരത്തിനായി ദേവയാനിയുടെ നിയമന രേഖകള്‍ യുഎന്‍ അയച്ചുകൊടുക്കും. യുഎസ് വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഓഫിസ് അനുകൂല നിലപാടെടുക്കുമോയെന്നാണു കാണേണ്ടത്.
തങ്ങളുടെ രാജ്യത്തു നിയമനടപടി നേരിടുന്ന വ്യക്‌തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്നു യുഎസ് നിലപാടെടുത്താല്‍ തര്‍ക്കം കൂടുതല്‍ വഷളാവാം. യുഎന്നും യുഎസ് വിദേശകാര്യ വകുപ്പും തമ്മിലാണ് ഇനി കാര്യങ്ങളെന്ന് അശോക് മുഖര്‍ജി പറഞ്ഞു.
വിചാരണയ്ക്കു മുന്‍പുള്ള നടപടികളില്‍നിന്ന് ഒഴിവാക്കണമെന്ന ദേവയാനിയുടെ അപേക്ഷയില്‍ യുഎസില്‍ ഇന്നു തീരുമാനമുണ്ടായേക്കും.