90 യാത്രക്കാരുമായി മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാര്‍ ആരും രക്ഷപെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 23 മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആരെങ്കിലും രക്ഷപെട്ടതായി അറിവില്ലെന്ന് എയര്‍ലൈന്‍സ് എക്സിക്യൂട്ടീവ് മാധ്യമങ്ങളെ അറിയിച്ചു.
വിമാനം തകര്‍ന്നു വീണതിന്‍റെ മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് 23 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 83 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കൂടുതല്‍ പേരും ലെബനനില്‍ നിന്നുള്ളവരാണ്. 22 എത്യോപ്യക്കാരും രണ്ട് ബ്രിട്ടീഷുകാരും യാത്രക്കാരില്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലെബനനിലെ ഫ്രഞ്ച് അംബാസഡര്‍ ഡെന്നിസ് പിയെട്ടന്‍റെ ഭാര്യ മാര്‍ല പിയെട്ടന്‍ വിമാനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ബെയ്‌റൂട്ടില്‍ നിന്ന് അഡ്ഡിസ് അബാബയിലേക്കുള്ള വിമാനം പ്രാദേശിക സമയം രാവിലെ 02:10ന് ആണ് പറന്നുയര്‍ന്നത്.
മോശം കാലാവസ്ഥയായിട്ടും വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അധികൃതരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് യാത്രക്കാരുടെ ബന്ധുക്കള്‍ ബെയ്‌റൂട്ട് വിമാനത്താവളത്തില്‍ ബഹളം വച്ചു. എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച ലെബനന്‍ പ്രധാനമന്ത്രിയെയും അവര്‍ പ്രതിഷേധമറിയിച്ചു. ഒരു മണിക്കൂറെങ്കിലും വൈകി വിമാനം യാത്ര ആരംഭിച്ചിരുന്നെങ്കില്‍ ഇത്രയും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു.