മ്യാന്‍‌മറും ആണവപരീക്ഷണത്തിന്?

മെല്‍‌ബണ്‍| WEBDUNIA| Last Modified ശനി, 1 ഓഗസ്റ്റ് 2009 (16:24 IST)
ഉത്തരകൊറിയയ്ക്കും ഇറാനും പിന്നാലെ മ്യാന്‍‌മറും ആണവപരിക്ഷണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ സഹായത്തോടെയാണ് മ്യാന്‍‌മാര്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ഓസ്ട്രേലിയയില്‍ നിന്നും പുറത്തിറങ്ങുന്ന സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പട്ടാള ഭരണം നടക്കുന്ന മ്യാന്‍‌മറില്‍ പ്രതിരോധസേനയിലെ രണ്ട് പേരെ ഉദ്ധരിച്ചാണ് പത്രം വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഉത്തര കൊറിയയുടെ സഹായത്തോടെ ആണവ റിയാക്ടറും പ്ലൂട്ടോണിയം സമ്പുഷ്ടീകരണത്തിനുള്ള സൌകര്യങ്ങളും മ്യാന്‍‌മാര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പര്‍വ്വത പ്രദേശത്താണ് റിയാക്ടറുകള്‍ വികസിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടണലുകള്‍ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഇവ അമേരിക്കന്‍ ഉപഗ്രഹങ്ങളുടെ കണ്ണില്‍ പെടാതിരിക്കാനാണ് പ്രവര്‍ത്തനം പര്‍വ്വതമേഖലയിലേക്ക് മാറ്റിയത്.

അടുത്തിടെ മ്യാന്‍‌മറിലേക്ക് സംശയകരമായി ഒരു ഉത്തര കൊറിയന്‍ കപ്പല്‍ നിങ്ങുന്നതായി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ വിവരം കൈമാറിയിരുന്നു. ഈ കപ്പലില്‍ ആണവസാമഗ്രികളാണെന്ന് സംശയമുയര്‍ന്നെങ്കിലും കപ്പല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല.

പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭങ്ങള്‍ തുടര്‍ക്കഥയായ മ്യാന്‍‌മാര്‍ ആണവശേഷി കൈവരിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്ന് ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. ഏതാനും മാസം മുമ്പ് ഉത്തര നടത്തിയ ആണവ പരീക്ഷണം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :