അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനു പിന്നാലെ അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമറിനെയും പാകിസ്ഥാനില്‍ വച്ച് വധിച്ചതായി ഒരു അഫ്ഗാന്‍ ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം മുമ്പാണ് ഒമറിനെ വധിച്ചതെന്നും ‘ടോളൊ ന്യൂസ് എന്ന ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനിലെ ക്വറ്റയില്‍ നിന്ന് വസിരിസ്ഥാന്‍ പ്രവിശ്യയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ മുല്ല ഒമറിനെ വെടിവച്ച് കൊല്ലുകയായിരുന്നു എന്നാണ് അഫ്ഗാന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, വാര്‍ത്ത താലിബാന്‍ നിഷേധിച്ചു.
പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന താലിബാന്റെ ആത്മീയ നേതാവാണ് മുല്ല ഒമര്‍. 1996 മുതല്‍ 2001 വരെ അഫ്ഗാനിലെ ‘സുപ്രീം കൌണ്‍സില്‍’ തലവനായിരുന്നു മുല്ല ഒമര്‍. യു എസ് എസ് ആറുമായുള്ള യുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ട ഒമറിനെ കണ്ടെത്താന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയതിനെ തുടര്‍ന്ന് 2001 മുതല്‍ മുല്ല ഒമറിനു വേണ്ടി എഫ്ബിഐ തെരച്ചില്‍ നടത്തിവരികയായിരുന്നു.