മതിലല്ല, വേണ്ടത് പാലം: ഗീലാനി

ഇസ്‌ലാമബാദ്| WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (16:39 IST)
PRO
PRO
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച അനുപേക്ഷണീയമാണെന്നും രാഷ്ട്രീയ നേതൃത്വം അതിനുവേണ്ട പാലം നിര്‍മ്മിക്കുകയാണ് വേണ്ടതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂ‍സഫ് റാസ ഗീലാനി. തലസ്ഥാനത്ത് പുതിയ ഓഹരി വിപണി ആസ്ഥാനം ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തു. സിംഗ് വളരെ വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കി. അതിന് അദ്ദേഹത്തെ അംഗീകരിക്കുന്നു. ചര്‍ച്ച മാത്രമാണ് മുന്നോട്ടുള്ള വഴിയെന്ന് ഇന്ത്യന്‍ നേതൃത്വം മനസിലാക്കിക്കഴിഞ്ഞെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവന തെളിയിച്ചെന്നും ഗീലാനി പറഞ്ഞു.

ഈജിപ്തില്‍ വച്ച് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ബലൂചിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടല്‍ സംബന്ധിച്ച് പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സംഭവത്തില്‍ പാകിസ്ഥാന്‍റെ ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്‍‌മോഹന്‍ സിംഗ് പറഞ്ഞിട്ടുണ്ടെന്ന് ഗീലാനി സൂചിപ്പിച്ചു.

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകള്‍ ലഭിക്കുന്ന പക്ഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെനും ഗീലാനി പറഞ്ഞു. സെപ്റ്റംബറില്‍ നടക്കുന്ന യു എന്‍ ജനറല്‍ അസ്സംബ്ലി യോഗത്തിനിടെ ഇരു രാജ്യത്തേയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :