ബാലപീഡന കേസില്‍ പെട്ട 21 റോമന്‍ കത്തോലിക്ക വൈദികരെ ഫിലാഡല്‍ഫിയയില്‍ സസ്പെന്‍ഡ് ചെയ്തു. ശിശുപീഡന ആരോപണങ്ങളെ കുറിച്ചുള്ള ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ട് മുന്‍ വൈദികരുള്‍പ്പെടെ 37 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്ഷന്.
പുരോഹിതന്മാരും റോമന്‍ കത്തോലിക്ക പള്ളിയുമായി ബന്ധമുള്ളവരും ഉള്‍പ്പെട്ട ശിശുപീഡനത്തില്‍ ഫിലാഡല്‍ഫിയ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജസ്റ്റിന് റിഗാലി കഴിഞ്ഞ ദിവസം ഖേദ പ്രകടനം നടത്തിയിരുന്നു.
21 പുരോഹിതന്മാര്ക്ക് നിര്‍ബന്ധിത അവധി നല്‍കിയതിനു പുറമെ ഫെബ്രുവരിയില്‍ ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ട് പുറത്തുവന്ന ഉടന്‍ മൂന്ന് പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നതും സ്ഥലത്ത് ഇല്ലാത്തതുമായ അഞ്ച് പേര്‍ക്കെതിരെ കൂടി നടപടി സ്വീകരിക്കും. എന്നാല്‍, 37 പേരുടെ പട്ടികയില്‍ ഏഴ് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല എന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.
ഫിലാഡല്‍ഫിയയിലെ ശിശുപീഡനം യൂറോപ്പിലെയും യുഎസിലെയും ബ്രസീലിലെയും കത്തോലിക്ക വിശ്വാസികളില്‍ നടുക്കം സൃഷ്ടിച്ചിരുന്നു.