തന്റെ ഫേസ്ബുക്ക് അക്കൌണ്ട് സ്വന്തം അമ്മ ഹാക്ക് ചെയ്തു എന്ന് ആരോപിച്ച് ഒരു പതിനാറുകാരന് കോടതിയെ സമീപിച്ചു. അമ്മ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് അപകീര്‍ത്തികരമായ കമന്റ് ഇട്ടു എന്നും പരാതിക്കാരന് ആരോപിക്കുന്നു.
എന്നാല്‍, പരാതിക്കാരന്റെ അമ്മ ഡെനിസ് ന്യൂ മകന്റെ ആരോപണം നിഷേധിച്ചിരിക്കുകയാണ്. തന്റെ കമ്പ്യൂട്ടറില്‍ മകന്റെ അക്കൌണ്ട് തുറന്നിട്ടിരുന്നതിനാല്‍ അത് പരിശോധിക്കാനുള്ള അവകാശം തനിക്ക് ഉണ്ടെന്നാണ് ഡെനിസിന്റെ വാദം. അമ്മ തന്റെ അക്കൌണ്ടിന്റെ രഹസ്യവാക്ക് മാറ്റിയതായും മൈനറായ പരാതിക്കാരന് ആരോപിക്കുന്നു.
മകന്റെ പോസ്റ്റില്‍ നിയമവിരുദ്ധമായ സംഗതികള്‍ ഉണ്ടായിരുന്നതിനാല്‍ രക്ഷകര്‍ത്താവ് എന്ന നിലയില്‍ അത് തിരുത്താനുള്ള അവകാശം തനിക്ക് ഉണ്ടെന്ന് ഡെനിസ് പറയുന്നു. ഒരു പെണ്‍കുട്ടിയെ കുറിച്ചുള്ള ചിന്ത കാരണം താന്‍ 152 കിലോമീറ്റര്‍ വേഗതയിലാണ് വീട്ടിലേക്ക് കാറോടിച്ചത് എന്ന് മകന്റെ പോസ്റ്റില്‍ പറയുന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്തായാലും കേസുമായി ഏതറ്റം വരെ പോകാനും തയ്യാറാണെന്നാണ് ഡെനിസിന്റെ തീരുമാനം. മകനെ നന്നാക്കാനുള്ള തന്റെ പോരാട്ടം മറ്റുള്ള മാതാപിതാക്കള്‍ക്ക് ഒരു പാഠമായിരിക്കട്ടെ എന്നും ഈ അമ്മ ഓര്‍മ്മപ്പെടുത്തുന്നു.