ചൈനീസ് ഓണ്‍ലൈന്‍ വരുമാനത്തില്‍ വര്‍ധന

ബീജിംഗ്| WEBDUNIA|
സാങ്കേതിക ലോകത്ത് നിരവധി വിവാദങ്ങളിലും പ്രശ്നങ്ങളിലും പെട്ടുലയുന്ന ചൈനയുടെ ഓണ്‍ലൈന്‍ വരുമാനത്തില്‍ വന്‍ വര്‍ധന. 2009 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ വരുമാനത്തില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തി. 73.3 ബില്യന്‍ യുവാന്‍( 10.9 ബില്യന്‍ ഡോളര്‍) വരുമാനമാണ് കഴിഞ്ഞ വര്‍ഷം ചൈന നേടിയത്.

ഐറിസര്‍ച്ച് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓണ്‍ലൈന്‍ പരസ്യം, ഗെയിംസ്, ഷോപ്പിംഗ് തുടങ്ങീ എല്ലാ മേഖലകളിലെയും വരുമാനത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍ വരുമാനം 51 ശതമാനം വര്‍ധിച്ച് 112.3 ബില്യന്‍ യുവാനായി ഉയരുമെന്നും ഐറിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ നെറ്റ് ഉപയോക്താക്കളുള്ള ചൈനയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നെറ്റ് നിയന്ത്രണം ശക്തമാക്കിയിരുന്നു. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍, വീഡിയോ സൈറ്റുകള്‍ എന്നിവയ്ക്കെല്ലാം ചൈനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അശ്ലീല സൈറ്റുകള്‍ക്കെതിരെ ശക്തമായ നിയന്ത്രണമാണ് നടപ്പിലാക്കിയിരിക്കുന്നത്.

നെറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ഹാക്കിംഗ് നടക്കുന്ന രാജ്യം കൂടിയാണ് ചൈന. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍, ഇരുപതോളം കമ്പനികള്‍ എന്നിവയുടെ നെറ്റ് ശൃംഖല ചൈനീസ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ആക്രമിച്ചത് ഏറെ വിവാദത്തിന് വഴിത്തെളിയിച്ചിരുന്നു. ചൈനയില്‍ ഏകദേശം 380 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :