ഉക്രൈനിലെ മാനുഷി അവകാശങ്ങളെ സംരക്ഷിക്കണമെന്ന് അവകാശപ്പെട്ടാണ് റഷ്യ സൈനിക നീക്കം നടത്തുന്നത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം ഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് റഷ്യയുടെ ഓരോ നീക്കങ്ങളും.
ഇപ്പോള്‍ റഷ്യ ഉക്രൈനിന്റെ ഒരു പ്രദേശം കൂടി കൈയ്യടക്കി. ഉക്രൈനിന്റെ ഡൊണെട്സ്ക് പ്രവിശ്യയാണ് റഷ്യന്‍ അനുകൂലികള്‍ പിടിച്ചടക്കിയത്. റഷ്യയെ അനുകൂലിക്കുന്ന പ്രക്ഷോഭകര്‍ ഇന്നലെ പ്രാദേശിക ഭരണ സിരാകേന്ദ്രത്തിന്റെ ഭാഗികനിയന്ത്രണം പിടിക്കുകയും റഷ്യന്‍പതാക ഉയര്‍ത്തുകയും ചെയ്‌തു.
ക്രിമിയ പോലെതന്നെ റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവിശ്യയാണ് ഡൊണെട്സ്ക്. പുറത്താക്കപ്പെട്ട പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിന്റെ ജന്മദേശവും ഇതാണ്. ഡൊണെട്സ്കിലെ പ്രക്ഷോഭം അവിടേക്കുള്ള കടന്നുകയറ്റത്തിനു മുന്നോടിയായി റഷ്യ ആസൂത്രണം ചെയ്‌തതാണെന്നു ഇതില്‍ നിന്നും മന്‍സിലാകുന്നു.
രക്‌തരഹിത നടപടിയിലൂടെ ക്രൈമിയ പൂര്‍ണമായി കീഴടക്കിയെങ്കിലും റഷ്യന്‍ സൈന്യത്തിനു മുന്നില്‍ അടിയറവു പറയാതെ ചില മേഖലകളില്‍ ഉക്രൈന്‍ സൈനികര്‍ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.
ഇവരുടെ താവളങ്ങള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. എന്നാല്‍, ഇരുപക്ഷവും ഏറ്റുമുട്ടലിന് ഒരുങ്ങുന്നില്ല. ഇത്തരത്തില്‍ റഷ്യന്‍ സൈന്യം വളഞ്ഞ ഒരു താവളത്തിലെ സൈനികര്‍ക്കു ഭക്ഷണവുമായി അവരുടെ ഭാര്യമാര്‍ എത്തിയതു സംഘര്‍ഷം സൃഷ്ടിച്ചു.
നേരത്തെ കീഴടക്കിയ ക്രിമിയയില്‍ പാരമ്പര്യമായി 58.5% റഷ്യന്‍ വംശജരാണ്. ഉക്രൈന്‍ വംശജര്‍ 24 ശതമാനവും ക്രിമീയന്‍ താതാര്‍സ്12 ശതമാനവുമാണ് ഉള്ളത്.