ന്യൂയോര്‍ക്ക്|
Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (20:41 IST)
തന്‍റെ അമേരിക്കന്‍ സന്ദര്‍ശനം ചരിത്രസംഭവമാക്കി മാറ്റുകയാണ് നരേന്ദ്രമോഡി. സിലിക്കണ്‍വാലിയിലെ ഗംഭീര സ്വീകരണത്തിലൂടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച മോഡി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും ഫ്രഞ്ച് പ്രസിഡന്‍റിനെയും കണ്ട് ചര്‍ച്ച നടത്തി. ഐ ടി അതികായനായ ബില്‍ ഗേറ്റ്സുമായും നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും ഫ്രഞ്ച് പ്രസിഡന്‍റ് ഹൊളാന്തെയുമായും ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയ മോഡി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ മേഖലയിലെ സഖ്യമായിരിക്കും മോഡി -
ഒബാമ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക, പ്രതിരോധ രംഗങ്ങളിലെ കാര്യങ്ങളും ചര്‍ച്ചയില്‍ വരും.
നരേന്ദ്രമോഡിയും ബരാക് ഒബാമയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ഏകദേശം ഒന്നേകാല്‍ മണിക്കൂറോളമാണ് മോഡി - ഒബാമ കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം.
കഴിഞ്ഞ വര്‍ഷം വാഷിംഗ്ടണില്‍ മോഡി എത്തിയപ്പോള്‍ ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനുവരിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി ഒബാമ എത്തിയപ്പോഴും മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു.