വെടി നിര്‍ത്തല്‍ പ്രഖ്യാപനം നിലനില്‍ക്കെ തന്നെ ഗാസ - ഈജിപ്ത്യന്‍ അതിര്‍ത്തിയില്‍ ഞായറാഴ്ച ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഗാസ മുനമ്പിലെ പോലീസ് സ്റ്റേഷന് ഉള്‍പ്പെടെയുള്ളവ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഗാസ മുനമ്പിലെ പ്രധാന പട്ടണമായ റാഫിലാണ് ഇന്നലെ ആക്രമണം ഉണ്ടായത് .
എഫ്. 16 വിമാനങ്ങള്‍ അതിശക്തമായ നാല്ബോംബുകള് ഈ മേഖലയില്‍ വര്‍ഷിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
ഗാസ ഈജിപ്ത് അതിര്‍ത്തിയിലെ തുരങ്കങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഗാസയിലേക്ക് അവശ്യവസ്തുക്കളും ഭക്ഷണവും കൊണ്ടുവന്നിരുന്നത് ഈ തുരങ്കങ്ങളിലൂടെയായിരുന്നു. നേരത്തെ നടത്തിയ ആക്രമണത്തിലും ഇസ്രായേല്‍ ഈ തുരങ്കങ്ങളെ ലക്ഷ്യമിട്ടിരുന്നു. ഞായറാഴ്ച രാത്രിയും ഇസ്രായേല്‍ ആക്രമണം ആവര്‍ത്തിച്ചു.
അതേ സമയം, ഇസ്രായേലിനെ ലക്ഷ്യമാക്കി ഞായറാഴ്ച നാലുതവണ ഹമാസ് റോക്കറ്റാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റോക്കറ്റുകളില്‍ രണ്ടെണ്ണം പതിച്ചത് ഒരു നഴ്സറിസ്ക്കൂളിലായിരുന്നു എന്നാല്‍ ആളപായങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ഗാസയുടെ ഈ ആക്രമണത്തെ കടുത്ത രീതിയില്‍ തന്നെ നേരിടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഒല്മാര്ട്ട് വ്യക്തമാക്കിയിരുന്നു.
ഇതിനിടയില്‍ ഗാനമുനമ്പില് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യവുമായി ഹമാസ് നേതാക്കള്‍ ഇറാന്റെ പിന്തുണ തേടിയിട്ടുണ്ട്. ഇറാന്റെ നയതന്ത്ര പ്രതിനിധികളുമായി ഹമാസ് നേതാക്കള്‍ ചര്‍ച്ച നടത്തി.