ജറുസലെം|
JOYS JOY|
Last Modified തിങ്കള്‍, 25 മെയ് 2015 (16:39 IST)
അഴിമതിക്കേസില്‍ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിന് എട്ടുമാസം ജയില്‍ശിക്ഷ. യു എസ് സ്വദേശിയില്‍ നിന്ന് 2012ല്‍ പണം സ്വീകരിച്ച കേസിലാണ് ഒല്‍മെര്‍ട്ടിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ഇത് ആദ്യമായാണ് ഇസ്രയേലില്‍ ഒരു പ്രധാനമന്ത്രി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നത്.
മറ്റൊരു അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒല്‍മെര്‍ട്ടിനെ 2014ല്‍ ആറു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളില്‍ അടക്കം ഒല്‍മെര്‍ട്ട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2006 മുതല്‍ 2009 വരെയാണ് ഒല്‍മെര്‍ട്ട് അധികാരത്തിലിരുന്നത്. മാര്‍ച്ചിലാണ് ഒല്‍മെര്‍ട്ടിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. നേരത്തെ ലഭിച്ച ആറു വര്‍ഷത്തെ തടവിനു പുറമെ ഈ എട്ടു മാസം ജയില്‍ശിക്ഷയും ഒല്‍മെര്‍ട്ടിന് അനുഭവിക്കേണ്ടി വരും.
ഇതോടെ 69കാരനായ ഒല്‍മെര്‍ട്ടിന്റെ രാഷ്ട്രീയഭാവി ഏറെക്കുറെ അടഞ്ഞതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.