ഇറാഖ്: ബ്ലയറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 2 ജൂലൈ 2010 (12:23 IST)
ഇറാഖ് യുദ്ധത്തിനെതിരെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന് അറ്റോര്‍ണി ജനറല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമ വെളിപ്പെടുത്തല്‍. അധിനിവേശം നിയമ സാധുതയില്ലാത്തതാണെന്ന് അറ്റോര്‍ണി ജനറല്‍ ലോര്‍ഡ് ഗോള്‍ഡ്സ്മിത്ത് നല്‍കിയ രഹസ്യ മെമ്മോയിലാണ് പറഞ്ഞിരിക്കുന്നത്.

ഇറാഖ് യുദ്ധം ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പാണ് ഗോള്‍ഡ്സ്മിത്ത് ബ്ലയറിന് ഇത്തരത്തില്‍ ഉപദേശം നല്‍കിയത് എന്ന് ബ്രിട്ടണിലെ ‘എക്സ്പ്രസ് ഡോട്ട് കോം’ വെളിപ്പെടുത്തുന്നു. 2003 ജനുവരി 14 ന് ബ്ലയറിന് നല്‍കിയ മെമ്മോയില്‍ സുരക്ഷാ സമിതിയുടെ തീരുമാനമില്ലാതെ ഇറാഖില്‍ നടത്തുന്ന സൈനിക നടപടിക്ക് നിയമ സാധുത ഇല്ല എന്ന യുഎന്‍ പ്രമേയത്തെ കുറിച്ചും പറയുന്നുണ്ട്.

എന്നാല്‍, ബ്ലയര്‍ക്ക് ഉപദേശം നല്‍കിയ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് പ്രസിഡന്റിന്റെ ഉപദേശകരുമായി കൂടിക്കാഴ്ച നടത്തിയ സ്മിത്തിന്റെ മനസ്സ് മാറുകയായിരുന്നു. ഗോള്‍ഡ്സ്മിത്ത് തങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിച്ചിരുന്നു എന്നും എന്നാല്‍ കൂടിക്കാഴ്ചയിലൂടെ അദ്ദേഹത്തെ തങ്ങളുടെ വഴിയിലെത്തിക്കാന്‍ കഴിഞ്ഞു എന്ന് വൈറ്റ്‌ഹൌസ് കോണ്‍സല്‍ ബെല്ലിംഗര്‍ പറഞ്ഞതും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍, റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഗോള്‍ഡ്സ്മിത്ത് പറഞ്ഞു. പക്ഷേ, ഇറാഖ് യുദ്ധത്തിനോട് എതിര്‍പ്പുണ്ടായിരുന്നു എന്ന് വ്യക്തമാക്കാനും അദ്ദേഹം മടിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :