ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified വെള്ളി, 16 ഏപ്രില്‍ 2010 (12:55 IST)
PRO
കശ്മീരില്‍ ലഷ്കറുമായി ചേര്‍ന്ന് പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇന്ത്യാവിരുദ്ധവികാരം വളര്‍ത്തുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 1996 ല്‍ അഫ്ഗാന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ലഷ്കറിന് പാകിസ്ഥാന്‍ സൈന്യം സഹായം ചെയ്തുനല്‍കിയതുപോലെയാണ് കശ്മീരിലെ ഐഎസ്‌ഐയുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
1989 മുതല്‍ ഐഎസ്‌ഐ കശ്മീര്‍ വിഷയത്തില്‍ ഇതേ തന്ത്രം പയറ്റുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഐഎസ്‌ഐ ഇപ്പോഴും ലഷ്കറുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
അയല്‍രാജ്യങ്ങള്‍ക്ക് മേലുള്ള ഗൂഢലക്‍ഷ്യങ്ങള്‍ നേടാനായി പാകിസ്ഥാന്‍ സൈന്യം തീവ്രവാദികളെ ഉപയോഗിക്കുകയാണെന്നും ഇസ്ലാമിക തീവ്രവാദത്തിന്‍റെ വിപുലീകരണത്തിലേക്കാണ് ഈ പ്രവര്‍ത്തി നയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 2007 നു ശേഷം ഇത്തരം ബന്ധങ്ങള്‍ ഒന്നുമില്ലെന്നാണ് പാകിസ്ഥാന്‍ സൈന്യത്തിന്‍റെയും ഐഎസ്‌ഐയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതെന്നും എന്നാല്‍ സംഭവങ്ങളുടെ സ്വഭാവം പാക് സൈന്യവും ഐഎസ്‌ഐയും ഇപ്പോഴും ഇത്തരം ബന്ധങ്ങള്‍ തുടരുന്നുണ്ടെന്ന് സൂചന നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സുന്നി വിഭാഗത്തിനിടയിലാണ് തീവ്രവാദ സംഘങ്ങള്‍ കൂടുതല്‍ വേരൂന്നിയിട്ടുള്ളതെന്നും കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായി 1989 മുതല്‍ പാകിസ്ഥാന്‍ സൈന്യവും ഐഎസ്‌ഐയും ഈ വിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്ന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.