എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയുമായിട്ടാണ് ഫ്രാഞ്ചെസ്ക്കോ ടോട്ടി ഈ സീസണില്‍ ഗോളടി തുടങ്ങിയത്. ഗോള്‍ഡന്‍ ബൂട്ടു പുരസ്ക്കാരത്തിലൂടെ യൂറോപ്പിലെ മികച്ച ഗോളടി വീരന് താനാണെന്നു തെളിയിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ വെറ്ററന്‍ താരം.
ഈ സീസണില്‍ സ്വന്തം ക്ലബ്ബായ റോമയ്ക്കായി കൂടുതല്‍ ഗോളടിച്ച ടോട്ടി യൂറോപ്പിലെ മികച്ച ഗോളടി വീരനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടു പുരസ്ക്കാരം സ്വന്തമാക്കി. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഡച്ചു താരം റൂഡ്വാന് നീല്‍സ്റ്റര്‍ റൂയിയെ പിന്നിലാക്കിയാണ് ടോട്ടി ഈ നേട്ടത്തിലേക്ക് ഉയര്‍ന്നത്.
ഈ സീസണില്‍ ടോട്ടിയുടെ ബൂട്ടുകള്‍ 26 തവണ വല ചലിപ്പിച്ചപ്പോള്‍ റൂയിയുടെ സമ്പാദ്യം 25 ഗോളുകളായിരുന്നു.സ്പാനിഷ് ലീഗിലെ അവസാന മത്സരത്തില്‍ 33 മിനിറ്റു മാത്രം കളിച്ച റൂയിയ്ക്ക് പക്ഷേ ടോട്ടിയുടെ ഒപ്പമെത്താനായില്ല.
ഇറ്റാലിയന്‍ സീരി എയില്‍ റോമയെ രണ്ടാം സ്ഥാനക്കാരാക്കുന്നതില്‍ നിര്‍ണായക പകാണ് ടോട്ടിയുടെ ബൂട്ടുകള്‍ വഹിച്ചത്. ഇറ്റലി ലോകകപ്പ് നേടുമ്പോള്‍ ടീമംഗമായിരുന്നെങ്കിലും പരുക്കിന്റെ പിടിയില്‍ പെട്ട് ബഞ്ചില്‍ ആയിപ്പോയ ടോട്ടി ആ നിരാശയെ ഇപ്പോള്‍ മറി കടന്നിരിക്കുകയാണ്.
യുവേഫയിലെയും രാജ്യത്തെയും കളിയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പോയിന്റു നിലയിലാണ് ഗോള്‍ഡന്‍ ബൂട്ടു പുരസ്ക്കാരം തീരുമാനിക്കുന്നത്. ടോട്ടി 52 പോയിന്റ് മൊത്തം നേടിയപ്പോള്‍ റൂയിയ്ക്ക് 50 പോയിന്റു നേടാനേ കഴിഞ്ഞുള്ളൂ. ഇറ്റലിയില്‍ നിന്നും ഈ നേട്ടത്തില്‍ എത്തുന്ന രണ്ടാമത്തെ താരമാണ് ടോട്ടി. കഴിഞ്ഞ തവണ ലൂക്കാ ടോണി ഈ നേട്ടം നടത്തിയിരുന്നു.
ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ കഴിയാതിരുന്ന ടോട്ടി യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇറ്റാലിയന്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ലോകകപ്പിനു ശേഷം ഇറ്റലിയുടെ നീല കുപ്പായത്തില്‍ ഒരു മത്സരം പോലും ടോട്ടി കളിച്ചിരുന്നില്ല.