എല്ലുപരിശോധനയിലൂടെ കള്ളി വെളിച്ചത്ത്

PTI
കായികതാരങ്ങളുടെ പ്രായം ചൈനയ്ക്ക് വീണ്ടും പേരുദോഷമാകുന്നു. യുവതാരങ്ങളില്‍ അധികവും പ്രായത്തെക്കുറിച്ച് കള്ളം പറയുകയാണെന്ന റിപ്പോര്‍ട്ടാണ് ചൈനീസ് കായികലോകത്തിന് വീണ്ടും തലവേദനയാകുന്നത്. അത്‌ലറ്റുകളുടെ പ്രായം തെളിയിക്കാന്‍ അധികൃതര്‍ നടത്തിയ എല്ല് പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്.

ചൈനയിലെ 15,000 യുവ കായികതാരങ്ങളിലായിരുന്നു പരിശോധന. ഇരുപത് ശതമാനം പേരാണ് പരിശോധനയില്‍ പിടിക്കപ്പെട്ടത്. കിഴക്കന്‍ ഗുവാങ്ഡോങ് പ്രവിശ്യയിലെ കായിക അധികൃതരാണ് ഇങ്ങനൊരു സാഹസത്തിന് മുതിര്‍ന്നത്. കായികതാരങ്ങളുടെ വയസിനെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നീക്കം.

കഴിഞ്ഞ കൊല്ലം ബീജിംഗ് ഒളിമ്പിക്സില്‍ പങ്കെടുത്ത് സ്വര്‍ണ്ണമണിഞ്ഞ ചൈനീസ് ജിംനാസ്റ്റിക് താരങ്ങള്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ചൈനീസ് കായിക അധികൃതര്‍ക്ക് നേരിട്ട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതായും വന്നു.

രാജ്യത്തെ പ്രൊഫഷണല്‍ ബാസ്ക്കറ്റ്ബോള്‍ താരങ്ങളില്‍ 36പേര്‍ ജനന സര്‍ട്ടിഫിക്കേറ്റ് തിരുത്തിയതായി സംശയം പ്രകടിപ്പിച്ച് കായിക മന്ത്രാലയവും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ എല്ലുകള്‍ പരിശോധിച്ച് പ്രായം തുലനം ചെയ്തു നോക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പരിശോധന ഫലം കാണുക തന്നെ ചെയ്തു.

കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ഇനിയും കള്ളത്തരം അനുവദിക്കില്ലെന്ന നിലപാടിലാണ് ചൈനീസ് കായിക അധികൃതര്‍. ചൈനയോട് എതിരിട്ട് മെഡല്‍ നഷ്ടപ്പെട്ട “അസൂയാലുക്കള്‍“ ഒരു ചോദ്യമേ ഉയര്‍ത്തുന്നുള്ളൂ. ഒരു പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടതെങ്കില്‍ ചൈനയില്‍ മൊത്തമായി പരിശോധിക്കുകയാണെങ്കില്‍ എന്തായിരിക്കും സ്ഥിതി?
ബീജിംഗ്| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :