സജിത്ത്|
Last Updated:
വെള്ളി, 3 നവംബര്‍ 2017 (16:12 IST)
കോവളം മുതല്‍ അഗസ്ത്യാര്‍കൂടം വരെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ലോക ടൂറിസം ഭൂപടത്തില്‍ തന്നെ ഇടം നേടിയ തിരുവന്തപുരത്ത് ചരിത്ര പരവും സാംസ്ക്കാരികവുമായ പ്രാധാന്യം കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശമാണ് നഗര മധ്യത്തിലുള്ള കിഴക്കേ കോട്ട.
കിഴക്കേകോട്ട എന്നാണ് സ്ഥലപ്പേരെങ്കിലും നഗരത്തിലെ കോട്ടയിലേക്കുള്ള പ്രവേശന കവാടം മാത്രമാണ് കിഴക്കേകോട്ട. ഇതിനോട് ചേര്‍ന്ന് തെക്ക് ഭാഗത്തായി വെട്ടി മുറിച്ച കോട്ട, പിന്‍വശത്തായി പടിഞ്ഞാറെക്കോട്ട എന്നിവയും സ്ഥിതി ചെയ്യുന്നു.
സംസ്ഥാന സര്‍ക്കാര്‍ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച്
കിഴക്കേ കോട്ട പ്രദേശത്തിന് തലയെടുപ്പ് നല്‍കുന്നത് വെള്ള നിറത്തിലുള്ള കിഴക്കേകോട്ട തന്നെയാണ്. ഫ്രഞ്ച് വാസ്തുവിദ്യയുടെ ഓര്‍മ്മ ഉണര്‍ത്തുന്ന കിഴക്കേകോട്ട പടുത്തുയര്‍ത്തിയത് മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് 1747ലാണ്. വശങ്ങളില്‍ സൈനികര്‍ക്ക് ഇരിക്കാനുള്ള മുറികളുള്ള കിഴക്കേകോട്ടയുടെ മുകള്‍ ഭാഗത്തായി രണ്ട് മണ്ഡപങ്ങളും കാണാം. രാജഭരണ കാലത്ത് വിളംബരങ്ങള്‍ നടത്തിയിരുന്നത് ഇവിടെ നിന്നാണ്.
ഈ കോട്ടയോട് ഏറെ സമാനതകളുള്ളതാണ് ചുവപ്പ് നിറത്തിലുള്ള വെട്ടിമുറിച്ച കോട്ട. വിശാഖം തിരുനാളിന്‍റെ ഭരണകാലത്താണ് ഇത് നിര്‍മ്മിച്ചത്. ഇരു കോട്ടകള്‍ക്കും ഉള്ളിലായാണ് പത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡന്‍ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം തിരുവതാംകൂര്‍ രാജവംശത്തിന്‍റെ കുടുംബ ക്ഷേത്രമാണ്. ഇവിടത്തെ ആരാധനാമൂര്‍ത്തിയായ ശ്രീ പത്മനാഭന് മാര്‍ത്താണ്ഡ വര്‍മ്മ രാജ്യം സമര്‍പ്പിച്ചെന്നും ഇതേ തുടര്‍ന്ന് പത്മനാഭ ദാസന്‍മാരെന്ന നിലയില്‍ രാജകുടുംബം നാട് ഭരിക്കുന്നു എന്നുമാണ് വിശ്വാസം.
അന്തശയനം നടത്തുന്ന ശ്രീ പത്മനാഭന്‍റെ 18 നീളമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. അത്ഭുതകരമായ ശില്‍പ്പ വൈഭവമാണ് പത്മനാഭ് സ്വാമി ക്ഷേത്രത്തില്‍ കാണാന്‍ കഴിയുക. ഏഴു നിലകളുള്ള ഗോപുരമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കാണുന്ന ‘മേത്തന്‍ മണി’ എന്ന പുരാതന ക്ലോക്ക്, കോട്ടയുടെ വിവിധ കവാടങ്ങളായ അഴീക്കോട്ട്, ആശുപ്ത്രിക്കോട്ട തുടങ്ങിയവയും ഏതൊരു സഞ്ചാരിയെയും പിടിച്ചു നിര്‍ത്തുന്ന കാഴ്ചകളാണ്.
പാശ്ചാത്യവും പരമ്പരാഗതവുമായ വാസ്തുവിദ്യകള്‍ സമന്വയിക്കുന്ന നിരവധി നിര്‍മ്മിതികള്‍ കോട്ടയ്ക്കുള്ളില്‍ കാണാന്‍ സാധിക്കും. അനന്തവിലാസം കൊട്ടാരം, കുതിരമാളിക, അമ്മ വീടുകള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി കൊട്ടാരങ്ങളാണ് ഇവിടെയുള്ളത്.
കുതിരമാളികയ്ക്ക് സമീപമുള്ള നവരാത്രി മണ്ഡപവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള പത്മതീര്‍ത്ഥ കുളവും നിരവധി സാംസ്കാരിക, ചരിത്ര സമരണകള്‍ ഉറങ്ങുന്നവയാണ്