ശ്രാവസ്തിയിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതും ഈ സ്തൂപ അതിര്‍ത്തിയാണ്. എന്നാല്‍ ഇത് ഏറെക്കുറെ ഇന്ന് നശിച്ച് പോയിരിക്കുന്നു. പഴയ ശ്രാവസ്തിയുടെ പ്രതാപം വിളിച്ചോതുന്ന നിരവധി മന്ദിരങ്ങളും നിര്‍മ്മിതികളും ഈ പ്രദേശത്ത് കാണാം.
സാഹേതിനെ പോലെ പ്രശസ്തമല്ലെങ്കിലും മാഹേതും ഒട്ടും മോശമല്ല. 400 ഏക്കര്‍ വരുന്ന നഗര പ്രദേശത്തെ അര്‍ദ്ധചന്ദ്രാകാരത്തില്‍ ഈ അതിര്‍ത്തി വേര്‍തിരിക്കുന്നു. പ്രശസ്തമായൊരു ബോധി വൃക്ഷം ഇവിടെ സ്ഥിതി ചെയ്യുന്നു. അംഗുലീമാല മനം മാറി ബുദ്ധഭക്തനായതും ഇവിടെയാണ്. നിരവധി തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളുമാണ് ഇവിടെ നിത്യവും എത്തിക്കൊണ്ടിരിക്കുന്നത്.
പഴയ ശ്രാവസ്തി നഗരവും ഇപ്പോഴത്തെ നഗരവും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. പഴയ മൂന്ന് വന്‍ സ്തൂപങ്ങളാണ് ഇന്ന് ഇവിടെ പ്രധാനമായും അവശേഷിക്കുന്നത്. അംഗുലീമാല സ്തൂപവും, അനന്ത പിണ്ഢിക സ്തൂപവും ശോഭാനാഥ് ക്ഷേത്രവുമാണത്. ജൈന തീര്‍ത്ഥങ്കരനായിരുന്ന സാംഭവനാഥിന്റെ ജന്മസ്ഥലത്താണ് അതി പ്രശസ്തമായ ശോഭാനാഥ് ക്ഷേത്രം. നിരവധി സ്തൂപങ്ങളും ചെറുക്ഷേത്രങ്ങളും കാഴ്ചക്കാര്‍ക്ക് കൌതുകം സൃഷ്ടിച്ചുകൊണ്ട് ഇവിടെ കാണാം.
കാര്‍ത്തിക മാസത്തില്‍(ഒക്ടോബര്‍ - നവംബര്‍) നിരവധി ജൈനമത വിശ്വാസികള്‍ ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ഈ സമയത്താണ് ഇവിടെ ജൈന്‍ മേള നടക്കുന്നത്. ഒക്ടോബര്‍ - നവംബര്‍, ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളാണ് ശ്രാവസ്തി സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം. ദൃശ്യ വിസ്മയങ്ങള്‍ക്കൊപ്പം ഒരു സംസ്കാരത്തിന്റെ മഹനീയതയും സഞ്ചാരികളെ പഠിപ്പിക്കുന്നു എന്നതാണ് ശ്രാവസ്തിയുടെ പ്രത്യേകത.