കടല്‍ത്തീരങ്ങള്‍ക്ക് പേരുകേട്ട ഗോവയെ ഗേ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ലെസ്ബീയന്‍, ഗേ, ബൈസെക്ഷ്വല്‍ ആന്റ് ട്രാന്‍സ് സെക്ഷ്വല്‍(എല്‍ ജി ബി ടി) ടൂറിസം മേഖലയായി ഗോവയെ മാറ്റിയെടുക്കാനാണ് പദ്ധതി.
എന്നാല്‍ ഹിന്ദു സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. മയക്കുമരുന്ന് കടത്ത്, കാസിനോകള്‍, വേശ്യാവൃത്തി എന്നിവയ്ക്കെല്ലാം ഗോവ സര്‍ക്കാര്‍ കണ്ണടച്ചുകൊടുക്കുകയാണ്. ഇനി ഇത് കൂടി അനുവദിക്കാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പ്രദേശത്തിന്റെ സംസ്കാരത്തിന് തന്നെ അപമാനകരമാണ് ഈ നീക്കമെന്നും അവര്‍ ആരോപിക്കുന്നു.
പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിദേശികളെത്തുന്ന ഗോവയില്‍ ഗേ ടൂറിസം നിലവില്‍ വന്നാല്‍ അത് വിനോദസഞ്ചാരമേഖലയ്ക്ക് ഗുണം ചെയ്യും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗേ ടൂറിസം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.