ആഭ്യന്തരമന്ത്രാലയത്തിന്റെയും സൈനിക ഹെഡ്ക്വാര്‍ട്ടേഴ്സിന്റെയും അഭ്യര്‍ത്ഥനയനുസരിച്ച് അന്നത്തെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇന്സ്റ്റിറ്റൂഷന് (ഇന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാഡേര്‍ഡ്സ്) ഇന്ത്യന്‍ ദേശീയപതാകയ്ക്കുപയോഗിക്കേണ്ട തുണിയും ചായങ്ങളും നിറങ്ങളും മാത്രമല്ല, സൈസുകളും നിര്‍ണയിക്കുകയുണ്ടായി. ഒരു സ്റ്റാന്‍ഡേര്‍ഡ് പതാക ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍, മുദ്ര പതിച്ച് സൂക്ഷിച്ചിട്ടുമുണ്ട്.
ദേശീയ പതാകയുടെ നിര്‍മ്മാണം ഇതനുസരിച്ച് മാത്രമേ ആകാവൂ. ഷാജഹാന്‍പൂരിലെ ഓര്‍ഡിനന്‍സ് ഫാക്ടറി ദേശീയ പതാകകള്‍ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഒമ്പത് സൈസുകളിലാണ് ഇപ്പോള്‍ ദേശീയ പതാക നിര്‍മ്മിച്ചു വരുന്നത്.
ഇന്ത്യന്‍ കാവി, ഇന്ത്യന്‍ പച്ച, എന്നീ നിറങ്ങളാണ് പതാകയുടെ മുകളിലെയും താഴെയും. ലോകത്തിലെ സ്റ്റാന്‍ഡേര്‍ഡ് നിറങ്ങളില്പ്പെടുന്നവയല്ല ഈ നിറങ്ങള്‍. നടുവില്‍ വെളള. ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് കാവിനിറം. വെളള നിറം സത്യത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്നു.
വിശ്വാസം, അനുഭാവം എന്നിവയെക്കുറിക്കുന്നതാണ് പച്ചനിറം. നാവിക നീലനിറത്തില്‍, 24 ആരക്കാലുകള്‍ ഒരു ചക്രം വെളുത്ത മേഖലയില്‍ ഒത്ത നടുക്കായി നിറഞ്ഞു നില്ക്കുന്നു. സാരാനാഥിലെ അശോക സ്തംഭത്തിലുളള ധര്‍മ്മചക്രത്തിന്റെ മാതൃകയാണിത്.