ഇന്ന് ഇന്ത്യ ലോകത്തിന്‍റെ അവിഭാജ്യ ഘടകമാണ്. എല്ലാ രാജ്യങ്ങളിലും ചെറുതോ വലുതോ ആയ തോതില്‍ ഇന്ത്യയുണ്ട്. അതില്‍ ഭൂരിപക്ഷവും കേരളീയരാണു താനും.
ഇത്രയേറെ ജനങ്ങളെ തീറ്റിപ്പോറ്റിയിട്ടും 60 കൊല്ലം കൊണ്ട് ഇന്ത്യ ലോകത്തിന്‍റെ നെറുകയില്‍ സ്ഥാനം പിടിച്ചു എന്നത് അവിശ്വസനീയമായ ഒരു സത്യമാണ്. സൈനിക ബലത്തിന്‍റെ കാര്യത്തിലായാലും അണുശക്തിയുടെ കാര്യത്തിലായാലും ഇന്ത്യ ആരുടെയും പിന്നിലല്ല.
ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഒക്കെ അന്യ രാജ്യങ്ങളുടെ സഹായവും സൌമനസ്യവും തേടി നടന്നിരുന്ന ഇന്ത്യ പഞ്ചവത്സര പദ്ധതികളിലൂടെയും ഹരിത വിപ്ലവത്തിലൂടെയും നിവര്‍ന്നുനിന്നു. എന്നാല്‍ നരസിംഹ റാവു എന്ന ക്രാന്തദര്‍ശിയായ പ്രധാനമന്ത്രിയുടെ സുചിന്തിതമായ ചില തീരുമാനങ്ങളാണ് ഇന്നിപ്പോള്‍ ഇന്ത്യയെ അസൂയാവഹമായ ഈ സ്ഥാനത്തിലേക്ക് ഉയര്‍ത്താന്‍ സഹായകമായത്.
വിവാദപരമായിരുന്നു എങ്കിലും ഉദാരവത്കരണ നയമാണ് ഇന്ത്യയുടെ പരാധീനതകള്‍ മാറ്റി മികവിന്‍റെ പാതയിലേക്ക് രാജ്യത്തെ നയിച്ചത്. അതെപോലെ, ഒന്നുമില്ലായ്മയില്‍ നിന്നും ഉണ്മയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് രാഷ്ട്ര ശില്‍പ്പിയായ അദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു. ഇന്ത്യയുടെ സ്ഥൈര്യവും ആധിപത്യവും ഉറപ്പിച്ചത് ഇന്ദിരാഗാന്ധിയും, ശാസ്ത്രത്തിന്‍റെ മികവുകള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് രാജീവ് ഗാന്ധിയുമായിരുന്നു.
ഇന്ത്യയുടെ സര്‍വ്വാതിശയിയായ ആന്തരിക ശക്തിയും ലോകസൌഹൃദവും തുറന്നു കാട്ടുകയും ലോക രാജ്യങ്ങള്‍ക്കിടയില്‍ സല്‍പ്പേരുണ്ടാക്കുകയും ചെയ്തത് അടല്‍ ബിഹാരി വാജ്പേയിയാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നരസിംഹ റാവുവിന്‍റെ നയങ്ങള്‍ സമര്‍ത്ഥമായി തുടരുകയും ചെയ്യുന്നു.
വിക്രംസാരാഭായ്, എം.എസ്.സ്വാമിനാഥന്‍, വര്‍ഗ്ഗീസ് കുര്യന്‍, സാം പിത്രോദ തുടങ്ങി ഒട്ടേറെ പ്രതിഭാ ശാലികളായ ശാസ്ത്രജ്ഞരും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാര്യമായ സഹായം ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ സാമൂഹ്യപരമായി കാണുന്ന വലിയൊരു സവിശേഷത ദാരിദ്ര്യം ക്രമേണ കുറയുകയും ഇടത്തരക്കാരുടെ സമൂഹം ശക്തമായി വളരുകയും ചെയ്യുന്നതാണ്. ലോകത്തില്‍ ഏറ്റവും പ്രബലമായ മധ്യവര്‍ഗ്ഗ വിഭാഗമുള്ള രാജ്യം ഇന്ത്യയായി മാറിക്കഴിഞ്ഞു.
ഇന്ത്യ അടുത്തു തന്നെ വലിയൊരു സാമ്പത്തിക ശക്തിയായി മാറുമെന്നാണ് പ്രവചനം. അതിനുള്ള വിഭവ ശേഷി ഇന്ത്യയ്ക്കുണ്ട്. ഭൌതിക സാഹചര്യങ്ങളുണ്ട്. ആള്‍ബലവും ഉണ്ട്.
അറുപതാം വയസില്‍ ഇന്ത്യ ചുറുചുറുക്കോടെയാണ് മുന്നേറുന്നത് - ഇനിയും എത്രയോ അറുപതുകള്‍ യുവത്വത്തോടെ കഴിയാന്‍.