ക്വിറ്റ് ഇന്ത്യയുടെ സ്മരണ

WEBDUNIA|
ക്വിറ്റ് ഇന്ത്യ സമരരംഗങ്ങളിലൂടെ....2

ഉത്തര്‍പ്രദേശ്, ഓഗസ്റ്റ് 19: ഉത്തര്‍പ്രദേശിലെ സമരങ്ങള്‍ ബെല്ലിയ ജില്ലയായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ടിരുന്ന നേതാക്കളെ മോചിപ്പിച്ചു. ചീതുപാണ്ഡെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭകാരികള്‍ ജനകീയ സര്‍ക്കാരുണ്ടാക്കി. മൂന്നു ദിവസം കഴിഞ്ഞ് പട്ടാളമെത്തി സമരക്കാരെ അടിച്ചമര്‍ത്തി.

ഉത്തര്‍പ്രദേശിന്‍റെ മറ്റു കിഴക്കന്‍ ജില്ലകളായ അസംഗഢ്, ബസ്തി, മിര്‍സാപ്പൂര്‍, ഫൈസാബാദ്, സുല്‍ത്താന്‍പൂര്‍, ബനാറസ്, ജോണ്‍പൂര്‍, ഗൊരഖ്പൂര്‍ എന്നിവിടങ്ങളിലും സമരം ശക്തമായിരുന്നു. അവിടെയും പട്ടാളം സമരക്കാരെ ഒതുക്കാനെത്തി.

ബംഗാളിലെ പ്രക്ഷോഭണം നയിച്ചത് വിദ്യാര്‍ത്ഥികളാണ്. കല്‍ക്കത്തയില്‍ ഒരു രഹസ്യ റേഡിയോ സ്റ്റേഷന്‍ സ്ഥാപിച്ചു. പൊലീസുകാര്‍ക്കെതിരെ ജനക്കൂട്ടം അന്പും വില്ലും ഉപയോഗിച്ചു അനേകം പൊലീസുകാരെ കൊന്നു.

സെപ്റ്റംബര്‍ 29 ന് മിഡ്നാപൂര്‍ ജില്ലയിലെ താമ്ലൂക്ക് പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച 20,000 ത്തോളം വരുന്ന സമരക്കാര്‍ക്കുനേരെ പൊലീസ് വെടിവച്ചു.

"ഗാന്ധിപുരി' എന്ന് നാട്ടുകാര്‍ വിളിക്കുന്ന എഴുപത്തിമൂന്നുകാരിയായ മാതംഗിനി ഹസ്ര ദേശീയപതാകയുമായി പൊലീസിനെ നേരിട്ടു. വലതുകൈയ്ക്ക് വെടിയേറ്റപ്പോള്‍ ഇടതുകൈയില്‍ പിടിച്ച പതാക തലയ്ക്കു വെടിയേറ്റ് വീണിട്ടും അവര്‍ കൈവിട്ടില്ല.

ആസ്സാമിലും സമരം തീക്ഷ്ണമായിരുന്നു. പട്ടാളക്കാരെ കൊണ്ടുപോയ രണ്ടു തീവണ്ടികള്‍ മറിച്ചിട്ടു. 150 പട്ടാളക്കാര്‍ മരിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു. ഗോഹ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ച കനകലതയും രത്ന എന്ന പതിനഞ്ചുകാരിയും വെടിയേറ്റു മരിച്ചു.

ഒറീസയില്‍ സമരം നയിച്ചത് വിദ്യാര്‍ത്ഥികളായിരുന്നു. ആന്ധ്രയില്‍ പശ്ഛിമഗോദാവരിയിലെ ഭീമാവരത്തെ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയ ജനക്കൂട്ടത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ മരിച്ചു. രോഷാകുലരായ ജനക്കൂട്ടം ഒരു സൈനിക ക്യാന്പ് ആക്രമിച്ചു. തുടര്‍ന്നു നടന്ന വെടിവയ്പില്‍ 30 പേരാണ് മരിച്ചത്.

കര്‍ണാടകത്തില്‍ 200-ലധികം വില്ലേജാഫീസുകളിലെ റിക്കാര്‍ഡുകള്‍ പ്രക്ഷോഭകാരികള്‍ ചുട്ടുനശിപ്പിച്ചു. 23 റയില്‍വേ സ്റ്റേഷനുകള്‍ ആക്രമിച്ചു. 7000-ത്തിലധികം പേര്‍ അറസ്റ്റിലായി.
ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, തുടങ്ങിയ പ്രവിശ്യകളിലും സമരക്കാര്‍ ബ്രിട്ടീഷ് ഭരണാധിപന്മാര്‍ക്ക് തലവേദന സൃഷ്ടിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :