ക്വിറ്റ് ഇന്ത്യയുടെ സ്മരണ

WEBDUNIA|
ക്വിറ്റ് ഇന്ത്യ സമരരംഗങ്ങളിലൂടെ

മുംബൈയില്‍ ഓഗസ്റ്റ് 9-ന് ഗാന്ധിജിയടക്കമുള്ള നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഗൊവാലിയ മൈതാനത്തും ശിവാജി പാര്‍ക്കിലും വന്പിച്ച പ്രകടനം നടന്നു. മൈതാനത്തെ ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവച്ചു. സംഭവത്തില്‍ എട്ടുപേര്‍ മരിക്കുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കോളജും സ്കൂളും വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികളും വ്യാപാരികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. മാട്ടുംഗ റയില്‍വെ സ്റ്റേഷന്‍ സമരക്കാര്‍ ആക്രമിച്ചു. കെട്ടിടങ്ങള്‍ ബോംബ് വച്ച് തകര്‍ത്തു. നഗരത്തിന്‍റെ പല ഭാഗത്തും വെടിവയ്പ് നടന്നു.

പൂനെയിലെ ക്യാപ്പിറ്റോള്‍ സിനിമാ തീയേറ്ററില്‍ ബോംബ് വച്ചു. അഞ്ച് യൂറോപ്യന്‍മാര്‍ കൊല്ലപ്പെട്ടു. പൂനെയ്ക്കടുത്തുള്ള വെടിമരുന്ന് ശാലയ്ക്ക് തീവച്ചതുവഴി ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി.

തസ്ഗാവ് സെപ്റ്റംബര്‍ 3-ന് പരശുറാം ഗാര്‍ഗിന്‍റെ നേതൃത്വത്തില്‍ തസ്ഗാവില്‍ നാലായിരത്തോളം കര്‍ഷകര്‍ ജാഥ നടത്തി. പ്രകോപനമൊന്നുമില്ലാതെ പൊലീസ് വെടിവച്ചു. ഗാര്‍ഗ് ഉള്‍പ്പൈടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

സത്താറയില്‍ പൊലീസ് വെടിവയ്പില്‍ 13 പേര്‍ മരിച്ചു. ആറുപേര്‍ ജയില്‍ മര്‍ദ്ദനത്തില്‍ മരിച്ചു. രണ്ടായിരത്തിലേറെ പേര്‍ അറസ്റ്റിലായി. നാനാപാട്ടീലിന്‍റെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാര്‍ സ്ഥാപിച്ചു.

ഗുജറാത്തിലെ ഖേരാ ജില്ലയില്‍ അഞ്ചിടത്ത് വെടിവയ്പുണ്ടായി. സുക്കൂറില്‍ ഭഗത്സിങ്ങിന്‍റെ ആരാധകനായ ഹേമുകലാനി എന്ന വിദ്യാര്‍ത്ഥിയാണ് സമരം നയിച്ചത്. ഒരു പട്ടാള ട്രെയിന്‍ മറിക്കാനായി റയില്‍പ്പാളം ഇളക്കിക്കൊണ്ടിരുന്ന ഹേമുവും കൂട്ടരും പൊലീസ് പിടിയിലായി. 1943 ജനുവരി 21 ന് സുക്കൂര്‍ ജയിലില്‍ ഹേമു കലാനിയെ തൂക്കിക്കൊന്നു.

നാദിയാദില്‍ സമരപ്രചരണം കഴിഞ്ഞുവരികയായിരുന്ന അന്‍പതു വിദ്യാര്‍ത്ഥികളെ പൊലീസ് വെടിവച്ചുകൊന്നു.

ഓഗസ്റ്റ് 11 ന് ബീഹാറിന്‍റെ തലസ്ഥാനമായ പട്നയിലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചുചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. സെക്രട്ടേറിയറ്റിന്‍റെ കിഴക്കേ ഗേറ്റിനു മുകളില്‍ സമരക്കാര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പട്ടാളം നടത്തിയ വെടിവയ്പില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കലാപം സംസ്ഥാനത്തുടനീളം വ്യാപിച്ചു.

ബീഹാറിലെ തേഖറ, സിമാറാഘട്ട്, രൂപനഗര്‍, ബച്ച്വാറ പൊലീസ് സ്റ്റേഷനുകള്‍ പൂര്‍ണമായും തീവച്ച് നശിപ്പിച്ചു. മുംഗേറില്‍ തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന രണ്ട് വൈമാനികരെ സമരക്കാര്‍ അടിച്ചുകൊന്നു. ഇവിടെ വിമാനത്തില്‍നിന്ന് വെടിവച്ച് അന്‍പതുപേരെ ബ്രട്ടീഷ് പട്ടാളക്കാര്‍ കൊന്നു.

തീവ്രദേശീയവാദികളായ ജയപ്രകാശ് നാരായണ്‍, കാര്‍ണിക പ്രസാദ്, വജ്രകിഷോര്‍ പ്രസാദ് സിങ്ങ്, ഡോ. വൈദ്യനാഥഝാ, ശ്യാംസുന്ദര്‍ പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബീഹാറിലെങ്ങും നടന്ന ഒളിപ്പോര്‍ സമരങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :