മേളയില്‍ മലയാളത്തിന്‌ അവഗണന:ലെനിന്‍

ബി ഗിരീഷ്

WEBDUNIA|
ചോദ്യം: മലയാള സിനിമയിലും ഒരു പാര്‍ശ്വവത്കരണം ഉണ്ടെന്നാണോ പറയുന്നത്‌?

ഉത്തരം: അതേ, നല്ല സിനിമകള്‍ക്ക്‌ വിതരണക്കാരെ കിട്ടാതായാല്‍ അവര്‍ ചിത്രം എങ്ങനെ ജനങ്ങളിലെത്തിക്കും, അത്തരക്കാര്‍ക്കുള്ള വേദികള്‍ ഇത്തരം മേളകളാണ്‌. വിദേശ രാജ്യങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ക്ക്‌ വേദി ലഭിക്കാന്‍ സര്‍ക്കാരിന്‌ ചിലത്‌ ചെയ്യാനാകും.

ചോദ്യം: സാംസ്കാരിക വകുപ്പില്‍ നിന്ന്‌ അത്തരം ഒരു സമീപനം ഉണ്ടാകുന്നില്ലേ?

ഉത്തരം: സംസ്കാരം ഉള്ളവര്‍ തന്നെയാണ്‌ സാംസ്കാരിക വകുപ്പിലിരിക്കുന്നത്‌. എന്നാല്‍ ഇത്തരം പ്രശ്നങ്ങല്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. വിദേശ ചിത്രങ്ങള്‍ പ്രോഗ്രമര്‍മാരെന്ന ഇടനിലക്കാര്‍ വഴിയാണ്‌ കേരളത്തില്‍ എത്തുന്നത്‌. ഇത്തരം ഇടനിലക്കാര്‍ ഇവിടെ സര്‍ക്കാരിന്‍റെ അതിഥിയാണ്‌. ഇടനിലക്കാര്‍ നിര്‍മ്മതാവില്‍ നിന്ന്‌ കമ്മീഷന്‍ പറ്റിയാണ്‌ സിനിമ നമ്മുടെ മേളയില്‍ എത്തിക്കുന്നത്‌. സിനിമകളുടെ ഓരോ പാക്കേജുകള്‍ ഉണ്ടാക്കി നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ്‌ ഇത്തരം പ്രോഗ്രാമര്‍മാരുടേത്‌. മലയാള സിനിമയെ പ്രമോട്ട്‌ ചെയ്യാന്‍ അത്തരം പ്രോഗ്രമര്‍മാരുണ്ടോ എന്നതാണ്‌ ചോദ്യം. ആ റോള്‍ ഏറ്റെടുക്കാന്‍ ആര്‌ തയ്യാറാകും?

ചോദ്യം: സര്‍ക്കാരിനും ചലച്ചിത്ര അക്കാദമിക്കും ഇക്കാര്യത്തില്‍ എന്താണ്‌ ചെയ്യാനാകുക?

ഉത്തരം: മേളകളില്‍ ഇത്തരം പ്രോഗ്രാമര്‍മാരോട്‌ വിലപേശാന്‍ സംഘാടകര്‍ക്ക്‌ കഴിയണം. നിര്‍മ്മാതാക്കളില്‍ നിന്ന്‌ കമ്മീഷന്‍ പറ്റി ഇവിടെ സിനിമയുമായി എത്തിയവരെ നമ്മള്‍ ആ നിലക്ക്‌ മാത്രം പരിഗണിച്ചാല്‍ മതി. അവരുടെ ചിത്രങ്ങല്‍ ഇവിടെ കാണിക്കണമെങ്കില്‍ നമ്മുടെ ചിത്രങ്ങള്‍ അവിടെയും കാണിക്കണം എന്ന്‌ പറയാനുള്ള ചങ്കൂറ്റം കാണിക്കണം. ഇക്കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും ഉദാരമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. മലയാള സിനിമ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടാനായി വിലപേശാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുകയാണ്‌ വേണ്ടത്‌.

ചോദ്യം: രാത്രിമഴക്ക്‌ സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു, ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടു, എന്നാല്‍ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല?

ഉത്തരം: കേരളത്തിന്‍റെ സവിശേഷ സിനിമ സാഹചര്യമാണത്‌. വിപണനത്തിന്‍റെ ചില ഫോര്‍മുലകളില്‍ പെടാന്‍ രാത്രിമഴക്ക്‌ കഴിഞ്ഞിട്ടില്ല.

ചോദ്യം:പുരസ്കാരങ്ങള്‍ ലഭിച്ചതിനാലാണോ വിതരണക്കാര്‍ അകന്നു നില്‍ക്കുന്നത്‌?

ഉത്തരം: അങ്ങനെയും പറയേണ്ടി വരും. വിതരണക്കാര്‍ക്ക്‌ ലാഭമാണ്‌ വേണ്ടത്‌. അതിനായി അവര്‍ക്ക്‌ ചില സൂത്രവാക്യങ്ങള്‍ ഉണ്ട്‌. അതിലൊതുങ്ങാത്ത ചിത്രങ്ങളെ അവര്‍ നിരാകരിക്കും. ചിലപ്പോഴെല്ലാം അവര്‍ക്ക്‌ തെറ്റു പറ്റും. രാത്രിമഴയുടെ കാര്യത്തില്‍ അവര്‍ക്ക്‌ തെറ്റു പറ്റി. എന്തായാലും ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും. അല്ലാതെ പറ്റില്ല. ഞാന്‍ തന്നെയാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാതാവും.

ചോദ്യം: സിനിമ ഇതിനോടകം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു, എന്തായിരുന്നു ലഭിച്ച പ്രതികരണം?

ഉത്തരം: അത്‌ സിനിമ കണ്ടവരോടാണ്‌ ചോദിക്കേണ്ടത്‌, എന്‍റെ സിനമയെ പറ്റി ഞാന്‍ തന്നെ പറയുന്നത്‌ നന്നല്ല. സിനിമ കണ്ടിറങ്ങിയവരില്‍ ചിലര്‍ നന്നായി എന്ന്‌ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :