കൊച്ചു കൊച്ചു രോഗങ്ങള്‍ ശമിപ്പിക്കാന്‍

WEBDUNIA|


തൊണ്ട വേദനയും ജലദോഷവുമെല്ലാം വരുമ്പോള്‍ ആശുപത്രിയിലേക്കോടാതെ വീട്ടില്‍ നിന്നുതന്നെ ചില ആയുര്‍വേദമരുന്നുകള്‍ ഉപയോഗിച്ച് രോഗം ഭേദമാക്കാവുന്നതാണ്. വയറുവേദനയ്ക്കും തൊണ്ടവേദയ്ക്കുമെല്ലാം ആയുര്‍വേദത്തില്‍ ഫലപ്രദമായ ഔഷധങ്ങളുണ്ട്.

തൊണ്ട വേദന വരുമ്പോള്‍ കുരുമുളക്, തുളസിയില, ചുക്ക്, പനിക്കൂര്‍ക്കയില, ഒരുകഷ്ണം കടുംപുളി ഇവ വെള്ളത്തില്‍ തിളപ്പിച്ച് അല്‍പം ചെറുതേനും ചേര്‍ത്ത് ദിവസം അര ഗ്ളാസ്സു വീതം നാലുനേരം കഴിക്കുക. വെറ്റില, കുരുമുളക്, പച്ചക്കര്‍പ്പൂരം ഇവ ചവച്ചരച്ച് നീരിറക്കിയാല്‍ തൊണ്ടയടപ്പ് മാറി ശബ്ദം തെളിഞ്ഞുവരും.

ഒരു ടീസ്പൂണ്‍ ഉലുവ വൈകുന്നേരം വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ കഴിച്ചാല്‍ മലബന്ധം അകറ്റാന്‍ കഴിയും. ഉലുവ മുളപ്പിച്ച് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

വായു ക്ഷോഭം വരുമ്പോള്‍ കുറച്ച് കറിവേല്‍പ്പില, ഒരല്ലി വെളുത്തുള്ളി , പകുതി വെറ്റില, ഒരു നുള്ള് ഓമം ഇവ നന്നായി അരച്ച് നീരെടുത്ത് കുടിക്കുക. ആശ്വാസം ലഭിക്കും. കര്‍പ്പുര തുളസിയിട്ടു തിളപ്പിച്ച വെള്ളം നാലഞ്ചു പ്രാവശ്യം കുടിച്ചാല്‍ വയറുവേദന ശമിക്കും. ഇഞ്ചിനീര് ഉപ്പില്‍ ചേര്‍ത്തുകഴിക്കുന്നതും വയറുവേദന ശമിപ്പിക്കും.

ഉപ്പും കുരുമുളകുപൊടിയും തുളസിനീരില്‍ കലര്‍ത്തി പല്ലിനിടയില്‍ വച്ചാല്‍ പല്ലുവേദന ശമിക്കും. മഞ്ഞള്‍, വേപ്പില ഇവ തുല്യ അളവില്‍ നല്ലതുപോലെ അരച്ച് ശരീരത്തില്‍ പുരട്ടിയാല്‍ ചൊറി, ചിരങ്ങ്, ചൊറിച്ചില്‍ എന്നിവയില്‍ നിന്നാശ്വാസം ലഭിക്കും. മരുന്നു പുരട്ടിയതിനു ശേഷം പത്തു മിനുട്ട് കഴിഞ്ഞ് കഴുകികളയണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :