ടോം ക്രൂയിസ്, മഡോണ, സാമുവല്‍ ജെ ജാക്സണ്, അഞ്ജലീനാ ജൂലി ഹോളീവുഡ് താരങ്ങളെല്ലാം പൂര്‍ണ്ണ നഗ്നരായി അമേരിക്കന്‍ തലസ്ഥാനത്തേക്കു എത്തി. അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന മാഡം തുസ്സാഡ്സ് മെഴുകു മ്യൂസിയത്തിന്റെ വാഷിംഗ്ടണിലെ കേന്ദ്രത്തിലേക്കാണെന്നു മാത്രം.
അതിപ്രശസ്തരുടെ ജീവന് തുടിക്കുന്നതും ഒറിജിനലിനെ വെല്ലുന്നതുമായ ഡസന്‍ കണക്കിനു പ്രതിമകളാണ് ഒരുങ്ങുന്നത്. അടുത്ത മാസം തുറക്കുന്ന പുതിയ മ്യൂസിയത്തിനായിട്ട് തകൃതിയായ ജോലിയിലാണ് വിദഗ്ദര്‍. ഫൈബര്ഗ്ലാസ്സിലും മെഴുകിലുമായി തയ്യാര്‍ ചെയ്യുന്ന പ്രതിമകളില്‍ പലതും പൂര്‍ത്തീകരണം കാത്തു കിടക്കുന്നു.
നടന് ടോം ക്രൂയിസിന്റെ പ്രതിമ മാത്രമാണ് അവസാന രൂപത്തിലേക്ക് എത്തിയിട്ടുള്ളൂ. തോളറ്റം വരെ തയ്യാറായിരിക്കുന്ന പ്രതിമയ്ക്ക് ഇനി തല കൂടി മാത്രം ശരിയായാല്‍ മതി. ജോണി ഡെപ്പ്, തോമസ് ജഫേഴ്സണ്‍ എന്നിവര്‍ ഉള്‍പ്പടെ 51 ഫിഗറുകള് ലണ്ടനിലെ തുസ്സാഡ്സിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും എത്തിച്ചേരും.
24 മണിക്കൂറും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 35 ല്‍ അധികം ശില്‍പ്പികളാണ് പ്രതിമകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്കിനും ലാസ് വെഗാസിനും പിന്നാലെ അമേരിക്കയില്‍ തുസ്സാഡ്സിന്റെ മൂന്നാമത്തെ മ്യൂസിയമാണിത്. ലോകത്താകെ എഴു മ്യൂസിയങ്ങള്‍ തുസ്സാഡ്സിന്റേതായി ഉണ്ട്.ഔദ്യോഗികമായി ഒക്ടോബര്‍ 4 നു തുറക്കുന്ന പുതിയ മ്യൂസിയം ഒക്ടോബര്‍ 5ന് പൊതുജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങും.
16 മില്യണ്‍ ഡോളര്‍ മുടക്കിയ മ്യൂസിയത്തില്‍ ചരിത്രത്തിന്റെ ഭാഗമായി ആറു പുതിയ പ്രതിമകളാണ് നിര്‍മ്മിക്കുന്നത്. ജഫേഴ്സണ്‍, ഹാരി ട്രൂമാന്, ഇ. ലീ. എഫ് ബി ഐ ഡയറക്ടര്‍ ജെ എഡ്ഗാര്‍ ഹൂവര്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ബോബ് വുഡ്വാര്‍ഡ്, ഡി സി മേയര്‍ മരിയന്‍ ബാരി എന്നിവരുടെതാണ്.
ഒരു മുറിയില്‍ സെലിബ്രിട്ടികളുടെ പ്രതിമകള്‍ മാത്രമാണ്. ജൂലിയാ റൊബര്‍ട്ട്സ്, വില്‍ സ്മിത്ത്, ജോര്‍ജ്ജ് ക്ലൂണി, ബിയോണ്‍സ് നോവത്സ് എന്നിവര്‍ ഉള്‍പ്പെടുന്നു.
മറ്റൊരു മുറിയില്‍ പൌരാവകാശ പ്രസ്ഥാന പ്രമുഖന് മാര്ട്ടിന് ലുഥര്‍ കിംഗ് ജൂണിയര്‍ ആധുനിക കാലത്തെ ഭരണകര്‍ത്താവ് ജോര്‍ജ്ജ് ഡബ്ലൂ ബുഷ്, പിതാവ് എച്ച് ഡബ്ല്യൂ ബുഷ്, മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റൈഗന് എന്നിവരാണ്. ബില്‍ ക്ലിന്റണും ഹിലാരി ക്ലിന്റണും രണ്ടു മുറികളിലാണ്. ഹിലാരി ക്ലിന്റണ് കരണ്ട് അഫയറില്‍ പെടുമ്പോള്‍ വിവാദ മുറിയില്‍ മോണിക്കാ ലെവിന്സ്ക്കിയുണ്ട്.