രാമായണപാരായണം-ഇരുപത്തിനാലാം‌‌ദിവസം

WEBDUNIA|

ഇങ്ങനെ രാവണന്‍ ചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാര്‍ നിശാചരര്‍ ചൊല്ലിനാള്‍
“നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും?
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ?
മര്‍ത്ത്യനാം രാമങ്കല്‍നിന്നു ഭയം തവ
ചിത്തേ ഭാവിച്ചതുമെത്രയുമത്ഭുതം!
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടന്‍
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം
വിശ്രുതമായൊരു കീര്‍ത്തി വളര്‍ത്തതും
പുത്രനാം മേഘനിനാദനതോര്‍ക്ക നീ
വിത്തേശനെപ്പുരാ യുദ്ധമദ്ധ്യേ ഭവാന്‍
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവും
കാലനെപ്പോരില്‍ ജയിച്ച ഭവാനുണ്ടോ
കാലദണ്ഡത്താലൊരു ഭയമുണ്ടാവൂ?
ഹുങ്കാരമാത്രേണതന്നെ വരുണനെ
സ്സംഗരത്തിങ്കല്‍ ജയിച്ചീലയോ ഭവാന്‍?
മറ്റുള്ള ദേവകളെപ്പറയണമോ
പറ്റലരാതു മറ്റുള്ളതു ചൊല്‌കു നീ
പിന്നെ മയനാം മഹാസുരന്‍ പേടിച്ചു
കന്യകാരത്നത്തെ നല്‌കീലയോ തവ?
ദാനവന്മാര്‍ കരം തന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ?
കൈലാസശൈലമിളക്കിയെടുത്തുട-
ലാലോലമമ്മാനമാടിയ കാരണം
കാലാരി ചന്ദ്രഹാസത്തെ നല്‌കീലയോ?
മൂലമുണ്ടോ വിഷാദിപ്പാന്‍ മനസി തേ?
ത്രൈലോക്യവാസികളെല്ലാം ഭവല്‍ബല-
മാലോക്യ ഭീതികലര്‍ന്നു മരുവുന്നു.
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങള്‍
വീരരായുള്ള നമുക്കോര്‍ക്കില്‍ നാണമാം
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ-
രാമയമെന്നിയേ പൊയ്ക്കൊണ്ടതുഭവാന്‍
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ
യങ്ങവന്‍ ജീവനോടെ പോകയില്ലല്ലോ”
ഇത്ഥം ദശമുഖനോടറിയിച്ചുടന്‍
പത്യേകമായോരോ പ്രതിജ്ഞയും ചൊല്ലിനാര്‍.
“മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്‌പ്പിച്ചയയ്ക്കുന്നതാകിലോ
മാനുഷജാതികളില്ല ലോകത്തിങ്കല്‍
വാനരജാതിയുമില്ലെന്നതും വരും.
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
എത്രയും പാരമിളപ്പം നമുക്ക്തു-
മുള്‍ത്താരിലോര്‍ത്തരുളേണം ജഗല്‍‌പ്രഭോ!“
നക്തഞ്ചരരിത്ഥം പറഞ്ഞള-
വുള്‍ത്താപമൊട്ടു കുറഞ്ഞു ദശാസ്യനും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :