രാമായണ പാരായണം - നാലാം ദിവസം

WEBDUNIA|

ചിത്രമത്രേ പതിപ്രാണരക്ഷാര്‍ത്ഥമായ്
യുദ്ധം കഴിവോളമങ്ങനെ നിന്നതും
ശത്രുക്കളെ വധം ചെയ്തു പൃത്ഥ്വീന്ദ്രനും
യുദ്ധനിവൃത്തനായൊരു ദശാന്തരേ
നിന്‍ തൊഴില്‍ കണ്ടതിസന്തോഷമുള്‍ക്കൊണ്ടു
ചെന്തളിര്‍‌മേനിന്‍ പുണര്‍ന്നുപുണര്‍ന്നുടന്‍
പുഞ്ചിരിപൂണ്ടു പറഞ്ഞിതു ഭൂപനും
“നിന്‍ ചരിതം നന്നുനന്നു നിരൂപിച്ചാല്‍
രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു-
കൊണ്ടതുമൂലം വരിച്ചുകൊണ്ടാലും നീ“ 560
ഭര്‍ത്തൃവാക്യംകേട്ടു നീയുമന്നേരത്തു
ചിത്തസമ്മോദം കലര്‍ന്നു ചൊല്ലീടിനാള്‍.
“ദത്തമായൊരു വരദ്വയം സാദരം
നൃസ്തം ഭവതിമയാ നൃപതീശ്വര!
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ-
ലൂനംവരാതെ തരികെന്നതേ വേണ്ടൂ.”
എന്നു പറഞ്ഞിരിക്കുന്ന വരദ്വയ-
മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ.
ഞാനും മറന്നുകിടന്നിതു മുന്നമേ
മാനസേ തോന്നീ ബലാലീശ്വരാജ്ഞയാ. 560
ധീരതയോടിനി ക്ഷിപ്രമിപ്പോള്‍ ക്രോധാ-
ഗാരം പ്രവിശ്യ കോപേന കിടക്ക നീ.
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി-
ശോഭപൂണ്ടൊരു കാര്‍കൂന്തലഴിച്ചിട്ടു
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ
ഭൂമിയില്‍ത്തന്നെ മലീനാംബരത്തോടും
കണ്ണുനീരാലേ മുഖവും മുലകളും
നന്നായ് നനച്ചു കരഞ്ഞുകരഞുകൊ-
ണ്ടര്‍ത്ഥിച്ചുകൊള്‍ക വരദ്വയം ഭൂപതി
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”. 570
മന്ഥരചൊന്നപോലതിനേതുമൊ-
രന്തരംകൂടാതെ ചെന്നു കൈകേയിയും
പത്ഥ്യമിതൊക്കെത്തനിക്കെന്നു കല്‌പ്പിച്ചു
ചിത്തമോഹേന കോപാലയം മേവിനാള്‍.
കൈകേയി മന്ഥരയോടു ചൊന്നാളിനി
രാഘവന്‍ കാനനത്തിന്നു പോവോളവും
ഞാനിവിടെക്കിടന്നീടുവനല്ലായ്കില്‍
പ്രാണനേയും കളഞ്ഞീടുവന്‍ നിര്‍ണ്ണയം.
ഭൂപരിത്രാനാര്‍ത്ഥമിന്നു ഭരതനു
ഭൂപതി ചെയ്താനഭിഷേകമെങ്കില്‍ ഞാന്‍ 580
വേറേ നിനക്കു ഭോഗാര്‍ത്ഥമായ് നല്കുവാന്‍
നൂറുദേശങ്ങളതിനില്ല സംശയം”
“ഏതുമിതിന്നൊരിളക്കം വരായ്കില്‍ നീ
ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.”
എന്നു പറഞ്ഞു പോയീടിനാള്‍ മന്ഥര
പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും
ധീരനായേറ്റം ദയാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ് നിജ-
ദേശികവാക്യസ്ഥിതനായ്സുശീലനാ-
യാശയശുദ്ധനായ് വിദ്യാനിരതനായ് 590
ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാല്‍
സജ്ജനനിന്ദ്യനായ് വന്നുകൂടും ദൃഢം.
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമവകലമ്പേ
വര്‍ജ്ജിക്കവേണം പ്രയത്നേനസല്‍‌പുമാന്‍
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :