രാമായണ പാരായണം - നാലാം ദിവസം

WEBDUNIA|

ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്ര മറ്റാരെയുമില്ലെന്നറിക നീ 490
നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു
വല്ലവര്‍ക്കും കൊടുപ്പൂ മമ നന്ദനന്‍.
ഇഷ്ടമില്ലാതൊരു വാക്കു പറകയി-
ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും.
അശ്രാന്തമെന്നെയത്രേ മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പരിപൂര്‍വ്വകം.
മൂഢേ! നിനക്കെന്തു രാമങ്കല്‍നിന്നൊരു
പേടിയുണ്ടാവാനവകാശമായതും
സര്‍വ്വജനപ്രിയനല്ലോ മമാത്മജന്‍
നിര്‍വ്വൈരമാനസന്‍ ശാന്തന്‍ ദയാപരന്‍!“ 500

കേകയപുത്രിതന്‍ വാക്കു കേട്ടള-
വാകുലചേതസാ പിന്നെയും ചൊല്ലിനാള്‍.
“പാപേ മഹാഭയകാരണം കേള്‍ക്ക നീ
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ?
ത്വല്‍‌പുത്രനായ ഭരതനേയും ബലാല്‍
തല്‍‌പ്രിയനായ ശത്രുഘ്നനേയും നൃപന്‍
മാതുലനെക്കാണ്മാന്നായയച്ചതും
ചേതസി കല്‍പ്പിച്ചുകൊണ്ടുതന്നേയിതു
രാജ്യാഭിഷേകം കൃതം രാമനെകിലോ
രാജ്യാനുഭൂതി സൌമിത്രിക്കു നിര്‍ണ്ണയം 510
ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിര്‍-
ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും
കൌസല്യതന്നെപ്പരിചരിച്ചീടുക.
കൌസല്യാനന്ദനന്തന്നെബ്ഭരതനും
സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും.
ഭാവിക്കയും വേണ്ട രാജത്വമേതുമേ,
നാട്ടില്‍നിന്നാട്ടിക്കളകിലുമൊരു
വാട്ടം വരാതെ വധിച്ചീടുകിലുമാം.
സാപത്ന്യജാതപരാഭവംകൊണ്ടുള്ള
താപവും പൂണ്ടു ധരണിയില്‍ വാഴ്കയില്‍! 520
നല്ല മരണമതിനില്ല സംശയം
കൊല്ലുവാന്‍ ഞാന്‍ തവ നല്ലതു കേള്‍ക്ക നീ.
ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം
ത്വല്‍‌സുതന്‍‌തന്നെ വാഴിക്കും നരവരന്‍.
രാമനീരേഴാണ്ടു കാനനവാസവും
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം.
നാടടക്കം ഭരതന്നു വരുമതി-
പ്രൌഢകീര്‍ത്ത്യാ നിനക്കും വസിക്കാം ചിരം.
വേണമെന്നാകിലതിന്നൊരുപായവും
പ്രാണസമേ! തവ ചൊല്ലിത്തരുവാന്‍ ഞാന്‍. 530
മുന്നം സുരാസുരയുദ്ധേ ദശരഥന്‍-
തന്നെ മിത്രാര്‍ത്ഥം തന്നെ മഹേന്ദ്രനര്‍ത്ഥിക്കയാല്‍
മന്നവന്‍ ചാപബാണങ്ങളും കൈക്കൊണ്ടു
തന്നുടെ സൈന്യസമേതം തേരേറിനാന്‍.
നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു
സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോള്‍
ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി-
ലെന്നതറിഞ്ഞതുമില്ല ദശരഥന്‍.
സത്വരം കീലരന്ധ്രത്തിങ്കല്‍ നിന്നുടെ
ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ. 540



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :