സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 24 ഡിസംബര്‍ 2025 (11:25 IST)
പക്ഷികളെ ബാധിക്കുന്നതും അവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ള വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി തുടങ്ങിയ എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. കേരളത്തില്‍ ഇതുവരെ രോഗം മനുഷ്യരെ ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്ത് പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ എന്നിവര്‍ക്ക് രോഗം ബാധിക്കുന്നത് തടയാന്‍ പൂര്‍ണമായ ജാഗ്രത പുലര്‍ത്തണം.
പക്ഷികളിലെ രോഗലക്ഷണങ്ങള്‍
കൂടുതലായി തൂവല്‍ കൊഴിയുക, കട്ടി കുറഞ്ഞ തോടോടുകൂടിയ മുട്ട ഇടുക, ഇടുന്ന മുട്ടകളുടെ എണ്ണം കുറയുക, മന്ദത, തീറ്റ കഴിക്കാന്‍ മടികാണിക്കുക, പൂവ്, കൊക്ക്, ആട തുടങ്ങിയ ഇടങ്ങളില്‍ നീല നിറം കാണുക, വയറിളക്കം, കണ്‍പോളകളിലും തലയിലും നീര്‍ക്കെട്ടുണ്ടാവുക, മൂക്കില്‍നിന്ന് രക്തം കലര്‍ന്ന സ്രവം വരിക, ശ്വാസതടസ്സം, നടക്കാനും നില്‍ക്കാനുമുള്ള ബുദ്ധിമുട്ട്, ശരീരത്തില്‍ സൂചിപ്പാടുകള്‍ പോലുള്ള രക്തസ്രാവം, ശ്വാസം മുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
മനുഷ്യരിലെ പ്രതിരോധമാര്‍ഗങ്ങള്‍
രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മാസ്‌ക്, എന്നിവ ധരിക്കുകയും കൈകള്‍ കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് അടിക്കടി കഴുകുകയും ചെയ്യണം. പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം. ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാല്‍ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം.