വീട്ടുജോലിയും ഓഫീസും; സമയം കിട്ടാത്ത വീട്ടമ്മമാർക്ക് ഇതാ ചില ടിപ്സ്!

കുടുംബവും ജോലിയും ഒരേ സമയം നോക്കുന്ന വീട്ടമ്മ

aparna shaji| Last Updated: ശനി, 15 ഒക്‌ടോബര്‍ 2016 (19:06 IST)
സമയം - ഒരിക്കലും തിരികെ കിട്ടാത്ത, ഒരിക്കലും പുറകോട്ടോടാത്ത സത്യം. ഈ സത്യത്തിനൊപ്പം സഞ്ചരിക്കാൻ കഴിയുന്ന ഒരാൾ ഉണ്ട്. നമ്മുടെ വീട്ടമ്മ‌മാർ. സമയത്തിനു മുമ്പേ സഞ്ചരിക്കുന്നവർ എന്നു വേണമെങ്കിൽ പറയാം. എന്നാൽ, പലപ്പോഴും സമയം ഇവരുടെ നിയന്ത്രണത്തിലും നിൽക്കില്ല. പ്രത്യേകിച്ചും ജോലിയുള്ള വീട്ടമ്മമാർക്ക്. ഒരേസമയം, കുടുംബവും ജോലിയും നോക്കണം. വീ‌ട്ടുകാര്യങ്ങൾ മാത്രം നോക്കിനടത്തിയിരുന്നവർ എന്നതിൽ നിന്നും വീട്ടമ്മമാർ ഇപ്പോൾ ഏറെ ദൂരം യാത്ര ചെയ്തിരിക്കുന്നു.

സമൂഹത്തിൽ നില നിൽക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീക‌ൾക്കും അവകാശപ്പെട്ടതാണ്. ആ അവകാശമാകാം അവരെ ജോലിക്ക് പോകാൻ പ്രേ‌രിപ്പിക്കുന്നത്. എന്നാൽ, ജോലിക്ക് പോയാലും വീട്ടുകാര്യങ്ങൾ കൂ‌ടി നോക്കേണ്ടത് സ്ത്രീകൾ ആണെന്നാണ് പൊതുവെയുള്ള സംസാരം. പല കുടുംബങ്ങളിലും ഇങ്ങനെയാണ് നിലനി‌ൽക്കുന്നതും. ജോലിയും കുടുംബവും നോക്കാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. ഇക്കാര്യം മൂലം പല കുടുംബങ്ങളിലും സമാധാനം നഷ്ടപ്പെടുന്നു.

സമയത്തെ പിടിച്ചിരുത്താൻ ആർക്കും കഴിയില്ല. എന്നാൽ, ഒരു ദിവസത്തെ സമയവുമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയും. എല്ലാകാര്യത്തിലും എന്നപോലെ ഇക്കാര്യത്തിലും ടൈം ടേബിൾ വെക്കുക. ഓരോ കാര്യങ്ങളും ചെയ്യേണ്ട സമയത്ത് ചെയ്തു തീർക്കാൻ ടൈം ടേബിൾ സഹായമാകും. എന്നാൽ, ഈ പ്ലാൻ ചെയ്യാനും ചിലർക്ക് സമയമുണ്ടാകില്ല. അതിനൊരു വഴിയുണ്ട്. ഉച്ചക്ക് ജോലി സ്ഥലത്ത് നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് ലഭിക്കുന്ന ചെറിയ ഒരിടവേള, അത് ഈ ജോലിക്കായി മാറ്റിവെക്കുക. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരുമായി ഷെയർ ചെയത് അവരുടെ അഭിപ്രായം കൂടി അറിയുക.

രാത്രി ഉറങ്ങുന്നതിന് മുൻപ് അടുത്ത ദിവസം എങ്ങനെ എന്ന് പ്ലാൻ ചെയ്യുക. ഏകദേശ ഒരു ധാരണ ഉണ്ടാക്കിയെടുക്കുക. ജോലിയും വീട്ടുപണിയും കുട്ടികളെ നോക്കലുമൊക്കെയായി രാത്രി എങ്ങനെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. എങ്കിലും നാളെയെ ഓർത്ത് കുറച്ച് സമയം ആലോചിക്കാൻ മാറ്റി വെക്കുന്നത് നല്ലതായിരിക്കും. ജോലി ചെയ്യാൻ നമ്മളെ തന്നെ പ്രേരിപ്പിക്കുന്നതിന്റെ മറ്റൊരു കാരണം, വൃത്തിയാണ്. നമുക്ക് പകരം വേറെ ആര് ജോലി ചെയ്താലും അതിൽ ഒരു തൃപ്തി ഉണ്ടാകില്ല. അതാണ് വീട്ടമ്മമാരുടെ ചിന്ത.

സമയത്തിനനുസരിച്ച് എന്ത് കാര്യവും ചെയ്യാൻ കഴിയുന്നവരാണ് മനുഷ്യർ. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ചെയ്യുന്ന ഓരോ കാര്യത്തിലും കൃത്യതയും സമയ ക്രമീകരണവും ഉണ്ടാക്കുക. രണ്ട് കൈകൾ കൊണ്ട് ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നവരാണ് കേരളത്തിലെ വീട്ടമ്മ‌മാർ. ഭക്ഷണം ഉണ്ടാക്കുക കുട്ടികളെ സ്കൂളിൽ പറഞ്ഞ് വിടുക എന്നിവയാണ് രാവിലത്തെ പ്രധാന പരിപാടികൾ. ചിലപ്പോൾ സമയം കിട്ടാതെ ഭക്ഷണം കഴിക്കാൻ പോലും പലരും മറക്കാറുണ്ട്. എല്ലാത്തിനും ഓരോ സമയം നൽകി ചെയ്യുകയാണെങ്കിൽ ജോലികൾ പെട്ടന്ന് ചെയ്ത് തീർക്കാൻ എല്ലാവർക്കും കഴിയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :