സജിത്ത്|
Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (15:51 IST)
ശരീരത്തിനാവശ്യമായ പ്രോട്ടീനും കാല്‍സ്യവുമെല്ലാം ധാരാളം അടങ്ങിയ ആഹാരസാധനങ്ങളാണ് പാലും മുട്ടയും.
പ്രത്യേകിച്ചു കുട്ടികളുടെ വളര്‍ച്ചക്കാണ് ഇവ സഹായിക്കുക. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന സംശയം പല ആളുകളിലും ഉണ്ടാകാറുണ്ട്. ആയുര്‍വേദപ്രകാരം മുട്ടയും പാലും ഒരുമിച്ചു കഴിക്കുന്നത് ശരീരത്തിലെ പിത്ത,കഫദോഷങ്ങളെ ബാധിക്കുമെന്നാണ് പറയുന്നത്.
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാരമാണ് പാലും മുട്ടയും. അതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോള്‍ പ്രോട്ടീന്‍ ഗുണം ഇരട്ടിയാകുകയാണ് ചെയ്യുക. അതുപോലെ മസില്‍ വളരുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് മുട്ടയും പാലും. ബോഡിബില്‍ഡര്‍മാര്‍ കഴിക്കേണ്ട ഒന്നാണ് ഇത്. മസിലുകളുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്നതിനും മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഗുണപ്രധമാണ്.
മുട്ടയുടെ വെള്ളയില്‍ മാത്രം 40 തരം വ്യത്യസ്ത പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. അതിനോടൊപ്പം പാലിലെ ല്യൂസിന്‍ പോലുള്ള പ്രോട്ടീനുകളും മുട്ടമഞ്ഞയുമെല്ലാം ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭ്യമാകുകയും ചെയ്യും. അതുപോലെ ഇവയില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളാണ്. അതിനാല്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ ഭയക്കേണ്ട കാര്യവുമില്ല.
നല്ലൊരു പ്രാതല്‍ കൂടിയാണ് ഇത്.വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നുകയും ശരീരത്തിന് ആവശ്യമായ ഭൂരിഭാഗം പോഷകങ്ങളും ലഭ്യമാകുകയും ചെയ്യും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ ഉത്തമമാണ്. അതുപോലെ തടി കുറയാനുള്ള ഉത്തമമായ കോമ്പിനേഷനാണ് ഇത്. കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും പാലും മുട്ടയും ഏറെ ഗുണകരമാണ്.