മധുരപലഹാരങ്ങള്‍ കഴിക്കുന്നതാണോ പ്രമേഹരോഗബാധക്ക് കാരണമാകുന്നത് ?

ഇന്ന് സമൂഹം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്‌ പ്രമേഹം.

Sugar, Diabetes, health പ്രമേഹം, പഞ്ചസാര, ആരോഗ്യം
സജിത്ത്| Last Updated: തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (12:03 IST)
ഇന്ന് സമൂഹം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്‌ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിശ്ചിത നിരക്കില്‍ നിന്നും വര്‍ദ്ധിക്കുന്ന അവസ്ഥയാണ്‌ ഇത്. ഈ അവസ്ഥയില്‍ വ്യക്തിക്ക്‌ ബോധം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയുന്നതിലൂടെയും ഈ അവസ്ഥ വന്നേക്കാം. രക്തത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള നിശ്ചിത അളവില്‍ തുടരുമ്പോഴാണ് എല്ലാ മനുഷ്യരിലും ബോധം എന്ന അവസ്ഥ നിലനില്‍ക്കുന്നത്‌. എന്നാല്‍ പ്രമേഹത്തെ ചികിത്സിക്കാതിരുന്നാല്‍ ദിവസങ്ങളും ആഴ്ചകളും കൊണ്ട്‌ രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കും. അതോടെ അയാള്‍ ബോധരഹിതനാകുകയും ചെയ്യും.

മുമ്പ് പണക്കാരുടെ മാത്രം രോഗം എന്നാണ് പ്രമേഹം അറിയപെട്ടിരുന്നത്. എന്നാല്‍ ഇക്കാലത്ത് ഈ രോഗം കുട്ടികളിലും സ്‌ത്രീകളിലും പോലും സാധാരണമായിരിക്കുന്നു എന്നതാണ്‌ പേടിപ്പെടുത്തുന്ന വസ്‌തുത. ഈ രോഗത്തെ കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്‌. വൈദ്യശാസ്ത്ര രംഗത്ത് ഇത്രയേറെ വികാസം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ പ്രമേഹത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള മരുന്ന്‌ കണ്ടുപിടിച്ചിട്ടില്ല. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും മരുന്നിലൂടെയും രോഗം നിയന്ത്രിക്കുക എന്ന പ്രതിവിധിമാത്രമേ രോഗിക്കു മുന്നിലുള്ളൂ. രോഗത്തെക്കുറിച്ച് ശരിയായ അറിവുണ്ടെങ്കില്‍ മാത്രമേ രോഗം സങ്കീര്‍ണ്ണമാകുന്നത്‌ തടയാന്‍ സാധിക്കുകയുള്ളൂ.

കുട്ടിക്കാലത്ത്‌ മധുരപലഹാരങ്ങളും മറ്റും കഴിക്കുന്നതുമൂലമാണ് പ്രമേഹരോഗബാധ ഉണ്ടാകുന്നതെന്ന ചില അബദ്ധ ധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍ പ്രമേഹബാധയുമായി മധുരത്തിനു വലിയ ബന്ധമൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അതുപോലെ മൂത്രത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്നതുമൂലവും പ്രമേഹരോഗബാധ ഉണ്ടാകുമെന്ന ധാരണ നിലവിലുണ്ട്. എന്നാല്‍ പ്രമേഹരോഗികളുടെ മൂത്രത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുതലായിരിക്കുമെങ്കിലും രോഗലക്ഷണത്തോടു ബന്ധപ്പെട്ട വിശകലനത്തില്‍ മൂത്രത്തിലെ പഞ്ചസാരയ്‌ക്ക് വലിയ പ്രാധാന്യമൊന്നും ആധുനിക ചികിത്സകര്‍ കല്‍പ്പിക്കുന്നില്ലയെന്നാണ് മറ്റൊരു പ്രധാന കാര്യം.

ഒരാളുടെ ശരീരത്തില്‍ ഒരു ഡസിലിറ്റര്‍ രക്‌തത്തില്‍ 80 മുതല്‍ 126 മില്ലിഗ്രാം വരെ പഞ്ചസാരയുണ്ടാവുകയെന്നത് സാധാരണമാണ്‌. എന്നാല്‍ പഞ്ചസാരയുടെ അളവ് ഇതിലും കൂടുന്നതാണ്‌ പ്രമേഹരോഗാവസ്‌ഥ. മധുരം കൂടുതല്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു പൊതുവേ നല്ലതല്ല. എന്നിരുന്നാലും അത്‌ പ്രമേഹത്തിനുള്ള കാരണമാകണമെന്നില്ല. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ അമിതമായ തോതില്‍ മധുരം കഴിക്കുന്നത്‌ അപകടകരവുമാണ്‌. മധുരപലഹാരങ്ങളുടെ ഉപയോഗം കൊണ്ടു മാത്രം രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കൂടില്ല. കാര്‍ബോഹൈഡ്രേറ്റ്‌ ഉള്‍പ്പെട്ട ഭക്ഷണം കഴിക്കുന്നതാണ് ഇതുണ്ടാകാന്‍ കാരണം.

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്‌റ്റാര്‍ച്ചിന്റെ അമിതസാന്നിദ്ധ്യമാണ്‌ പ്രമേഹരോഗികളുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂട്ടുന്നത്‌. സ്‌റ്റാര്‍ച്ചിന്റെ ശാസ്‌ത്രനാമമാണ്‌ കാര്‍ബോ ഹൈഡ്രേറ്റ്‌. ചില കിഴങ്ങുവര്‍ഗ്ഗങ്ങളിലും ധാന്യങ്ങളിലുമാണ് സ്‌റ്റാര്‍ച്ചിന്റെ അംശംകൂടുതലായി കണ്ടു വരുന്നത്. അരികൊണ്ടുള്ള വിഭവങ്ങളിലാണ് പൊതുവേ സ്‌റ്റാര്‍ച്ച്‌ കൂടുതലായി അടങ്ങിയിട്ടുള്ളത്‌. ധാന്യങ്ങളില്‍ ഗോതമ്പ്‌ , മുത്താറി, തിന
എന്നിവയില്‍ സ്‌റ്റാര്‍ച്ച്‌ വളരെ കുറവാണ്‌. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ അരിഭക്ഷണം ഒഴിവാക്കി സ്‌റ്റാര്‍ച്ചിന്റെ അംശങ്ങള്‍ കുറവായ മറ്റു ധാന്യങ്ങളിലേക്കോ ഗോതമ്പിലേക്കോ മാറുന്നതിലൂടെ ഈ രോഗാവസ്‌ഥ കൂടുതല്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുകയും ചെയ്യും.



ശുദ്ധീകരിച്ച പഞ്ചസാര, ജങ്ക് ഫുഡുകള്‍, മധുരമുള്ള ബിസ്കറ്റുകള്‍, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍, ചോക്കലേറ്റ്, ഡെസെര്‍ട്ടുകള്‍, ജാം, സിറപ്പുകള്‍, മൊളാസസ്, ഐസ്ക്രീം, കേക്ക്, പേസ്ട്രി, ഫ്രൂട്ട് ഷുഗര്‍, ഗ്ലൂക്കോസ്, കണ്ടന്‍സ്ഡ് മില്‍ക്ക്, ക്രീം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കുക്കീസ്, ടിന്നലടച്ച സംസ്കരിച്ച ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബ്ലൂബെറി ലീഫ് ടീ, ഗ്രീന്‍ ടീയോ പാര്‍സ്‍ലി ടീ, വാല്‍നട്ട് മരത്തിന്‍റെ മൂപ്പെത്താത്ത ഇലകള്‍ ഉപയോഗിച്ചുള്ള ചായ എന്നിവ ഉപയോഗിക്കാം. കൂടാതെ പഞ്ചസാരയ്ക്ക് പകരം ഈത്തപ്പഴം ഉപയോഗിക്കാം. വീട്ടില്‍ തയ്യാറാക്കിയ കോട്ടേജ് ചീസ്, സ്കിമ്മ്ഡ് മില്‍ക്ക് എന്നിവയും നിയന്ത്രിതമായി ഉപയോഗിക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :